കേന്ദ്ര അംഗീകാരമെന്ന  പ്രതീക്ഷകള്‍ ദുര്‍ബലം; കേരള പദ്ധതി മാത്രമായി സില്‍വര്‍ ലൈന്‍ മാറുമോ? 

0
240
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷകള്‍ ദുര്‍ബലമാകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ  കല്ലിടലും സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം പദ്ധതിയ്ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തന്നെ സംശയമുണ്ട്. മുഖ്യമന്ത്രി പിണറായിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആശാവഹമായ കാര്യങ്ങള്‍ അല്ല നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
മോദി ഫയലില്‍ ഒന്നും രേഖപ്പെടുത്താതെയാണ് ഫയല്‍ റെയില്‍വേ മന്ത്രാലയത്തിനു കൈമാറിയത്. ഇതില്‍ തന്നെ പദ്ധതിയെക്കുറിച്ച് മോദിയ്ക്ക് ഉള്ള താത്പര്യമില്ലായ്മയാണ് പ്രകടമാകുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ദിവസം തന്നെ റെയില്‍വേമന്ത്രി ലോക്സഭയില്‍ പദ്ധതിയ്ക്ക് എതിരായി പ്രസ്താവന നടത്തുകയും ചെയ്തു. സിൽവർ ലൈൻ പദ്ധതിയുടെ സാങ്കേതിക-സാമ്പത്തികവശങ്ങൾ പരിഗണിച്ചതിനു ശേഷം മാത്രമേ കേന്ദ്രസർക്കാർ അംഗീകാരം നൽകൂവെന്നാണ് റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞത്.
ഡിപിആറില്‍ ഡി.പി.ആറില്‍ പിഴവുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് വീണ്ടും പ്രസ്താവന നടത്തുകയും ചെയ്തു. സാങ്കേതിക, സാമ്പത്തിക സാധ്യത എത്രത്തോളമെന്ന് വിലയിരുത്തിയേ സില്‍വര്‍ലൈനിന് അനുമതി പരിഗണിക്കൂ. പൂര്‍ണ സാങ്കേതിക വിവരങ്ങള്‍ വിശദപദ്ധതിരേഖയില്‍ ഇല്ലെന്നും ബോര്‍ഡ് ആവര്‍ത്തിക്കുന്നു. ഇതെല്ലാം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷമുള്ള കാര്യങ്ങളാണ്.
ഇനി പദ്ധതി നടപ്പിലായാല്‍ തന്നെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കുരുക്കിലാവുകയും ചെയ്യും.  കേന്ദ്രം പദ്ധതിയിക്ക് പച്ചക്കൊടി കാണിക്കില്ലെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് തങ്ങളും സമരമാരംഭിച്ചതെന്ന് സംസ്ഥാന ബിജെപി ഘടകവും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ കേരളത്തിന്റെ പദ്ധതി മാത്രമായി സില്‍വര്‍ ലൈന്‍ മാറുന്നു എന്ന  പ്രതീതിയാണ് സൃഷ്ടിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here