തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചൊവാഴ്ച തുടങ്ങാനിരിക്കെ ഉയരുന്നത് പുതിയ ജനറല്‍ സെക്രട്ടറി ആരാകും എന്ന ചോദ്യമാണ്. പുതിയ കേന്ദ്ര കമ്മിറ്റിയെ പാര്‍ട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുക എന്നിരിക്കെ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഒരു ടേം കൂടി ലഭിക്കുമോ എന്ന ചോദ്യം നിലവില്‍ ശക്തമാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലെതാണ്. അതുകൊണ്ട് തന്നെ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ എതിര് നിന്നാലും നടപ്പാകുക കേരളത്തിന്റെ തീരുമാനം തന്നെയാകും.
കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശക്തന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആണെന്ന യെച്ചൂരിയുടെ പ്രസ്താവന കേരള ഘടകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പ്രശ്നത്തില്‍ യെച്ചൂരിയുടെ എസ്കേപ്പിസവും മറ്റൊരു കാരണമാണ്. ഈ ഘട്ടത്തില്‍ കമ്യൂണിസത്തിന്റെ ഇന്ത്യയിലെ പച്ചത്തുരുത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കെ ആരാകണം ജനറല്‍ സെക്രട്ടറി എന്ന നിശ്ചയിക്കാനുള്ള അധികാരവും കേരള ഘടകത്തില്‍ ഒരു പരിധിവരെ നിക്ഷിപ്തമാണ്. യെച്ചൂരി അല്ലെങ്കില്‍ എം.എ.ബേബിയ്ക്ക് നറുക്ക് വീഴും എന്ന സൂചന ശക്തമാണ്. പഴയ അകല്‍ച്ച ബേബിയോട് മുഖ്യമന്ത്രിയായ പിണറായി വിജയനില്ല. നിലവിലെ സാഹചര്യത്തില്‍ യെച്ചൂരിയെ അങ്ങനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടല്ല കേരള ഘടകത്തിന്റെത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിലവില്‍ പിബി അംഗമായി തുടരുന്ന ബേബിയ്ക്ക് നറുക്ക് വീണേക്കും എന്നതിനു സാധ്യതകള്‍ ശക്തമാണ്.
അന്തര്‍ദേശീയ കാഴ്ചപ്പാട് ബേബിയ്ക്കുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തി പരിചയവുമുണ്ട്. നിയമസഭാംഗവും മന്ത്രിയും ആയിരുന്നു. “മികച്ച പാർലമെന്റേറിയനുമാണ്. 1986 ലും 1992 ലും രാജ്യസഭാംഗവുമായിരുന്നു. ഇതെല്ലാം ബേബിയുടെ സാധ്യതകള്‍ അധികരിക്കുകയാണ്. എന്നാല്‍ സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരുമെന്ന പൊതു നിലാപടിലാണ് ബംഗാളിലേയും ത്രിപുരയിലേയും നേതാക്കൾ. ഈ തീരുമാനമാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരുത്തപ്പെടുക. വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായത്. അന്നും പിണറായി വിജയൻ യെച്ചൂരിയെ അംഗീകരിച്ചിരുന്നില്ല. പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തിൽ നിന്ന് എ വിജയരാഘവൻ പിബിയിൽ എത്തും എന്നാണ് സൂചന. 75 വയസ്സ് എന്ന മാനദണ്ഡം ബാധകമാക്കിയതോടെയാണ് എസ്ആർപി കണ്ണൂർ പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്ന് ഒഴിയുന്നത്. എസ്ആർപിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റ് പിബി അംഗങ്ങൾ. 75 വയസ്സ് പിന്നിട്ടെങ്കിലും പിണറായി വിജയൻ പിബിയിൽ തുടരും.