ഇന്ത്യയും നോർഡിക് രാജ്യങ്ങളും ലോകപുരോഗതിക്കായി കൈകോര്‍ക്കണമെന്ന് നരേന്ദ്ര മോദി

കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്.

നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ, സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. ആദ്യ ഇന്ത്യ–നോർഡിക് ഉച്ചകോടി 2018 ലാണു നടന്നത്. ജർമൻ സന്ദർശനത്തിനു ശേഷം ബുധനാഴ്ചയാണ് മോദി ഡെൻമാർക്കിലെത്തിയത്.

യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ നോർഡിക് പ്രധാനമന്ത്രിമാർ പ്രതിഷേധം രേഖപ്പെടുത്തി. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാനുള്ള ഇന്ത്യൻ ശ്രമത്തിനുള്ള പിന്തുണ ആവർത്തിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here