പ്രതിസന്ധിയ്ക്ക് കാരണം സര്‍ക്കാര്‍ നയങ്ങള്‍; കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ആദ്യം ശമ്പളം നല്‍കട്ടെ; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജി.കെ.അജിത്ത്

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തൊഴിലാളി യൂണിയനുകള്‍. ഇന്നു ചര്‍ച്ചയുണ്ടെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് യൂണിയനുകളില്‍ നിന്നും ഉയരുന്ന തീരുമാനം. ഇന്നു ഉച്ച തിരിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം തന്നെ ശമ്പളം നല്‍കിയത് വിഷു കഴിഞ്ഞിട്ടായിരുന്നു. അത് തന്നെ സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോ​ഗിച്ചാണ് വിഷു കഴിഞ്ഞ് 19-ആം തീയതി ശമ്പളം നല്‍കിയത്. പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയ്ക്ക് സ്ഥാപനം തന്നെ ശമ്പളം കണ്ടെത്തണം എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയില്‍ യൂണിയനുകള്‍ കടുത്ത രോഷത്തിലാണ്. ലാഭം നോക്കിയിട്ടാണോ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന യൂണിയനുകളുടെ ചോദ്യത്തിനു മന്ത്രി ഇതുവരെ ഉത്തരം നല്‍കിയിട്ടുമില്ല.

സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, ജീവനക്കാരില്‍ നിന്നും  ഈടാക്കിയ എന്‍പിഎസ് വിഹിതവും പലിശയും തിരികെ നല്‍കുക, സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാളെ പണിമുടക്ക് പ്രഖ്യാപിച്ച കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെടുന്നത്.

ശമ്പളം നല്‍കാനുള്ള വരുമാനം കെഎസ്ആര്‍ടിസിയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മുന്‍ വായ്പയും പലിശയും ആദ്യം ഒടുക്കും. പിന്നെ ഡീസല്‍ ചെലവും. ഇതു കൂടി കഴിഞ്ഞാല്‍ ശമ്പളത്തിനു കാശ് കാണില്ല. വരുമാനത്തില്‍ നിന്ന് ശമ്പളം ആദ്യം നല്‍കട്ടെ അതിനു ശേഷം ലോണുകള്‍ അടയ്ക്കട്ടെ-കെഎസ്ടിഇഎസ് ചൂണ്ടിക്കാട്ടുന്നു.

നല്ല വരുമാനമുള്ള സ്ഥാപനമാണ്‌ കെഎസ്ആര്‍ടിസി. 6200 ബസുകള്‍ ഉള്ളതില്‍ ഇപ്പോള്‍ 3400 ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ബസ് ഇല്ലാത്തതാണ് വരുമാനം കുറയാന്‍ കാരണം-കെഎസ്ടിഇഎസ് സംസ്ഥാന പ്രസിഡന്റ് ജി.കെ.അജിത്ത് അനന്ത ന്യൂസിനോട് പറഞ്ഞു.

ഓടാത്ത ബസുകളുടെ എഞ്ചിന്‍ നിലച്ച് പോയിരിക്കുകയാണ്. എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇടണം അന്നേ ഞങ്ങള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതാണ്. ബസുകള്‍ കുറഞ്ഞപ്പോള്‍ നിലവിലെ ജീവനക്കാര്‍ക്ക് ജോലിയുമില്ലാത്ത അവസ്ഥയാണ്. 90 കോടി രൂപ ഡീസലിന് ആകും. അതിനാല്‍ ശമ്പളത്തിനു കാശില്ല എന്നാണ് മാനെജ്മെന്റ് പറഞ്ഞത്. ആദ്യം ശമ്പളം നല്‍കട്ടെ.
ഡീസല്‍ വാങ്ങിയത് പൊതുഗതാഗതത്തിനാണ് എന്ന് സര്‍ക്കാര്‍ മറക്കരുത്. ഇതിനുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തണം. അത് സര്‍ക്കാര്‍ ചെയ്യുന്നില്ല.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സഷന്‍ നല്‍കുന്നു. ഈ തുകയും സര്‍ക്കാര്‍ നല്‍കണം. അതും നല്‍കുന്നില്ല. ആദ്യം ശമ്പളം നല്‍കട്ടെ. അനുബന്ധ ചിലവുകള്‍ പിന്നീട് നടത്തട്ടെ. ഇതിനു മാനേജ്മെന്റ് തയ്യാറല്ല. അതാണ്‌ പ്രശ്നത്തിനു കാരണം. ബസുകള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കട്ടെ. മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നത് പോലെ ഈ സര്‍ക്കാരും ചെയ്യട്ടെ-അജിത്ത് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here