തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം ഇടതു മുന്നണിയില്‍ നിന്ന് തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ പാച്ചേനിയ്ക്ക് കണ്ണൂര്‍ സീറ്റ് കൈമാറേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരുത്തിരിയുന്ന തീരുമാനം. കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനായി അവസരം തെളിയുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ദിഖിനാണ്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പാച്ചേനി ഗ്രൂപ്പ് മാറിയാണ് കഴിഞ്ഞ തവണ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായത്. വി.എം സുധീരന്റെയും കെ. സുധാകരന്റെയും ആശീര്‍വാദത്തോടെയാണ് കണ്ണൂര്‍ സീറ്റ് സതീശന്‍പാച്ചേനിക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി സിദ്ദിഖ് എത്താനുള്ള സാധ്യത തെളിയുമ്പോള്‍ അത് എ ഗ്രൂപ്പിന് മധുരമുള്ള ഒരു പ്രതികാരം കൂടിയാണ്. ഇത്തവണ സിദ്ദിഖിനെ മത്സരിപ്പിച്ച് സിപിഎമ്മില്‍ നിന്നും കണ്ണൂര് തിരികെ പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
സതീശന്‍ പാച്ചേനി മത്സരിച്ചാല്‍ കണ്ണൂര്‍ സീറ്റ് തിരികെ പിടിക്കാന്‍ കഴിഞ്ഞേക്കില്ല എന്ന ലീഗ് മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് പാച്ചേനിയെ കണ്ണൂര്‍ സീറ്റില്‍ നിന്നും തെറിപ്പിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഉരുത്തിരിയുന്നത്. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കണ്ണൂര്‍ എന്നതും കോണ്‍ഗ്രസ് കണ്ക്കിലെടുക്കുന്നുണ്ട്.
നിലവില്‍ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂര്‍ സീറ്റിലെ വിജയി. കടന്നപ്പള്ളിയ്ക്ക് മുന്‍പ് കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസാണ് നിലനിര്‍ത്തിയത്. ഇപ്പോള്‍ ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടിയാണ് കടന്നപ്പള്ളിയ്ക്ക് മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കണ്ണൂര്‍ സീറ്റില്‍ വിജയിച്ചത്. സിപിഎമ്മില്‍ നിന്നും അബ്ദുള്ളക്കുട്ടി പിടിച്ചെടുത്ത സീറ്റാണ് പാച്ചേനി നഷ്ടമാക്കിയത്. ഒരു മുസ്ലിം കാന്‍ഡിഡേറ്റ് കണ്ണൂരില്‍ വന്നാല്‍ സീറ്റ് തിരികെ പിടിക്കാന്‍ കഴിയും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇതാണ് സിദ്ദിഖിനു നറുക്ക് വീഴാന്‍ കാരണമാകുന്നത്. ആയിരത്തി അഞ്ഞൂറില്‍ താഴെ വോട്ടുകള്‍ക്കാണ് കണ്ണൂര്‍ സീറ്റില്‍ കടന്നപ്പള്ളി വിജയിയായത്. സിദ്ദിഖ് വന്നാല്‍ ഈ വോട്ടുകള്‍ നിഷ്പ്രയാസം നേടാനും സീറ്റ് തിരികെ നേടാനും കഴിയും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
കെ.സുധാകരന്‍ എംപിയുടെ ഒരു പിന്തുണ എപ്പോഴും പാച്ചേനിയ്ക്ക് ഒപ്പമുണ്ടായിരുന്നു. മുന്‍പ് നല്‍കിയ ഈ സുധാകര പിന്തുണ ഇപ്പോള്‍ തീവ്രത കുറഞ്ഞ രീതിയിലാണ് ഇപ്പോള്‍ പാച്ചേനിയ്ക്ക് ലഭിക്കുന്നതെന്നു കോണ്‍ഗ്രസിനുള്ളില്‍ തന്നെ അടക്കം പറച്ചിലുണ്ട്. ഇതും സീറ്റ് നഷ്ടത്തിനു ഒരു കാരണമാകുന്നുണ്ട്. എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്ന പാച്ചേനി കഴിഞ്ഞ തവണ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് മത്സരരംഗത്തെത്തിയത്.
മറ്റുള്ള ഘടകങ്ങളും കണ്ണൂര്‍ സീറ്റ് ലഭിക്കുന്നതില്‍ പാച്ചേനിയ്ക്ക് തടസം നില്‍ക്കുന്നുണ്ട്. രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. സതീശന്‍ തുടര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സതീശന്‍ പാച്ചേനിക്ക് ഇതുവരെയുള്ളതെല്ലാം തോല്‍വിയുടെ ചരിത്രം. മലമ്പുഴയില്‍ 2006ല്‍ വി.എഎസ്.അച്യുതാനന്ദന് മുന്‍പിലും പാച്ചേനി പരാജയം നുണഞ്ഞിരുന്നു. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ തുടര്‍ച്ചയായി രണ്ടു തവണയും പാലക്കാട് ലോകസഭ സീറ്റില്‍ എം.ബി.രാജേഷിനെതിരേയുമെല്ലാം മത്സരിച്ചു തോല്‍ക്കാനായിരുന്നു സതീശന്‍ പാച്ചേനിയുടെ വിധി. സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളാണ് പാച്ചേനിയ്ക്ക് എതിരെ കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ ആയുധമാക്കുന്നത്.ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ പാച്ചേനിയ്ക്ക് എതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സംഘി മുഖം ചൂണ്ടിക്കാട്ടിയാണ് പാച്ചേനി എതിര്‍ക്കപ്പെടുന്നത്.
1996ല്‍ തളിപ്പറമ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. അത്തവണ സി.പി.എമ്മിലെ എം.വി. ഗോവിന്ദന്‍ മാസ്റ്ററോട് പരാജയപ്പെട്ടു. 2001ലും 2006ലും മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മലമ്പുഴയില്‍ വി. എസിനെതിരെ 5000 വോട്ടിനാണ് പരാജയപ്പെട്ടത്. 2009ല്‍ പാലക്കാടുനിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചിരുന്നെങ്കിലും അതിലും വന്നത് പരാജയം. എം. ബി രാജേഷിനെതിരെ 1400ഓളം വോട്ടിനാണ് പാച്ചേനി പരാജയപ്പെട്ടത്. ഇതെല്ലാം പരിഗണിച്ചാണ് ഇത്തവണ പാച്ചേനിയ്ക്ക് കണ്ണൂര്‍ സീറ്റ് നല്‍കരുത് എന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയരുന്നത്. ഈ ആവശ്യം തന്നെയാണ് കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സീറ്റില്‍ നിന്നും പാച്ചേനിയെ തെറുപ്പിക്കുന്നതും.