തിരുവനന്തപുരം: ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ലെന്ന് ലയാ രാജേഷ്. ലാസ്റ്റ് ഗ്രേഡ് സമരപ്പന്തലില്‍ ലയ തീച്ചൂളയായപ്പോള്‍ തേടിവന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ലയയുടെ പ്രതികരണം. ‘ഞങ്ങൾക്കിതു രാഷ്ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. ഞങ്ങൾക്കു വേണ്ടത് അധികാരമല്ല, അർഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബർ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം അവസാനിപ്പിക്കാനും പോകുന്നില്ല’ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ട പ്രതീകമായി മാറിയ ലയ പറയുന്നു.
ദേഹത്തു മണ്ണെണ്ണയൊഴിച്ചു ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതു രാഷ്ട്രീയ നാടകമായി ചിത്രീകരിച്ച് ഇടത് അനുഭാവികൾ നടത്തിയ സൈബർ ആക്രമണത്തോടാണ് ലയയുടെ വൈകാരികമായ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ വിഷയം. രണ്ടര വർഷം മുൻപിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂർ ജില്ലയിൽ 583 ആണ് എന്റെ റാങ്ക്.
ഞങ്ങളുടെ സമരം രാഷ്ട്രീയഭാവി ശോഭിപ്പിക്കാനല്ല. ധനമന്ത്രി പറയുന്നതു ഞങ്ങളിവിടെ മറ്റുള്ളവർക്കു വേണ്ടി കളിക്കാൻ നിൽക്കുകയാണെന്നാണ്. സമരപ്പന്തലിൽ ഏതെങ്കിലും കൊടി ഉയർത്തിയിട്ടുണ്ടോ? ഒളിഞ്ഞിരുന്നു സൈബർ ആക്രമണം നടത്തുന്നവർ ഇവിടെ വന്നു സംസാരിക്കൂ. 27,000 തസ്തിക സൃഷ്ടിച്ചെന്നു പറയുന്ന സർക്കാർ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന് എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ട്? പകുതിപ്പേർക്കു പോലും ജോലി കൊടുക്കാനാകുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പരീക്ഷ നടത്തി ലിസ്റ്റിടുന്നത്. ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമില്ലെന്നു പറയുന്നവർ എന്തിനാണ് 46,500 പേരുടെ റാങ്ക്പട്ടിക ഇട്ടത്. ജോലി കൊടുക്കില്ലെങ്കിൽ പിന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ട് എന്തു കാര്യം? എത്ര വർഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നത്. എന്നിട്ടു ജോലിക്കായി മന്ത്രിമാരുടെയും എംഎൽഎമാരുടെയും പാർട്ടി സെക്രട്ടറിയുടെയുമെല്ലാം കാൽക്കൽ വീഴണം. അർഹതപ്പെട്ട ജോലിക്കായി നടുറോഡിൽ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു സമരം ചെയ്യേണ്ട ഗതികേട് ഏതെങ്കിലും രാഷ്ട്രീയക്കാർക്കുണ്ടോ? ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല. എന്റെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു തൃശൂരിൽ നിന്നു സമരത്തിനായി ഇവിടെയെത്തുന്നത്. വീട്ടുകാരെല്ലാം സ്വപ്നം കാണുന്നത് ഈ ജോലിയാണ്. ഇതു തന്നെയാണു ഞങ്ങൾ എല്ലാവരുടെയും അവസ്ഥ-ലയ പറയുന്നു.