മോദി രാജ്യസഭയില്‍ പുകഴ്ത്തിയത് രണ്ടു തവണ; നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുമ്പോഴും പൊതിഞ്ഞത് പ്രശംസ കൊണ്ട്; ഗുലാം നബി ആസാദ് ബിജെപിയിലേക്കോ? ചര്‍ച്ചകള്‍ കൊഴുക്കുന്നു

0
158

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഗുലാം നബി ആസാദ് ബിജെപിയിലേക്കോ എന്ന രീതിയിലും ചര്‍ച്ചകള്‍ സജീവം. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ യാത്രയയപ്പ് വേളയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാജ്യസഭയില്‍ ആസാദിനെ പ്രധാനമന്ത്രി രണ്ടു വട്ടം പുകഴ്ത്തിയതും ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താനെന്ന ആസാദിന്റെ മറുപടിയുമാണ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണം. സഭയിൽ നിന്നു പോയാലും ആസാദിനെ ദുർബലനാകാൻ അനുവദിക്കില്ലെന്ന മോദിയുടെ വാചകത്തിൽ എന്തെങ്കിലും രാഷ്ട്രീയനീക്കമുണ്ടോ എന്നാണ് ഉയരുന്ന സംശയം. കോൺഗ്രസ് ആസാദിനെ തഴയുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ പ്രശംസ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാഷ്ടപ്രതിയുടെ പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുമ്പോഴും പ്രധാനമന്ത്രി ഗുലാം നബിയെ പ്രശംസ കൊണ്ടു പൊതിഞ്ഞിരുന്നു. മാന്യമായും സൗമ്യമായും ഇടപെടുന്ന ഗുലാംനബി വസ്തുനിഷ്ഠമായാണു കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.

ആസാദ് തന്റെ പ്രസംഗത്തിനിടെ കശ്മീരിൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു നടത്തിയതിന് സർക്കാരിനെ അഭിനന്ദിച്ചിരുന്നു. അതു പരാമർശിച്ച് മോദി പറഞ്ഞു: ‘തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന കശ്മീരിൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു നടത്തിയതിനെ ആസാദ് അഭിനന്ദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി അത് എങ്ങനെയാണ് എടുക്കുക എന്ന് എനിക്കു ഭയമുണ്ട്. ശരിയായ രീതിയിൽ എടുത്താൽ കുഴപ്പമില്ല. അതല്ല, ജി–23 ലൈനിലാണ് എടുക്കുന്നതെങ്കിൽ ആസാദിന്റെ പ്രശംസ വിപരീത ഫലമുണ്ടാക്കും.’-മോദി പറഞ്ഞു.

കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകണമെന്നാവശ്യപ്പെട്ടു കത്തെഴുതാൻ നേതൃത്വം കൊടുത്ത ആസാദിനെ ഈ സന്ദർഭം നോക്കി കോൺഗ്രസ് ഒഴിവാക്കുകയാണെന്നു കരുതുന്നവരുണ്ട്. പകരം മല്ലികാർജുൻ ഖർഗെയെ പ്രതിപക്ഷ നേതാവാക്കാനും നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here