കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ജാഥയില്‍ എത്തിയ ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. എൻസിപി മുഴുവനായി വന്നാലും കാപ്പന്റെ നേതൃത്വത്തിൽ പിളർന്ന് ഒരു വിഭാഗം വന്നാലും സ്വീകരിക്കാമെന്ന് യുഡിഎഫ് ഉറപ്പു നൽകിയിട്ടുണ്ട്.
ഇന്ന് പാലായിൽ ചേരുന്ന എൻസിപി ബ്ലോക്ക് കമ്മിറ്റി പ്രകടനം സംബന്ധിച്ച അന്തിമ തയ്യാറെടുപ്പ് നടപ്പും. ഇന്നലെ തുറന്ന ജീപ്പും ബൈക്കുകളും സജ്ജമാക്കി കാപ്പൻ കൊടികൾ അടക്കം ഒരുക്കി. ഇന്നലെ വൈകിട്ട് ശരദ് പവാറിനെ കാണാൻ കാപ്പൻ ഡൽഹിക്കു പോയി. പവാറുമായുള്ള ചർച്ചയ്ക്കു ശേഷം നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഡൽഹിക്കു പോകുന്നുണ്ട്.
പാലായിൽ വിട്ടുവീഴ്ച ചെയ്യാനും എൽഡിഎഫ് വിടേണ്ടെന്നും പവാർ തീരുമാനിച്ചാലും യുഡിഎഫിൽ ചേർന്ന് പാലായിൽ മത്സരിക്കാനാണ് കാപ്പന്റെ തീരുമാനം. തന്റെ തീരുമാനത്തിനു പവാറിന്റെ അനുമതി വാങ്ങാനാണ് കാപ്പന്റെ ഉദ്ദേശ്യം. എൻസിപി ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നിഷേധിച്ചത് പവാറിനെയും ചൊടിപ്പിച്ചു. ഒത്തുതീർപ്പിന് സാധ്യതയില്ലെന്ന് പ്രഫുൽ പട്ടേലും പവാറിനെ അറിയിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് സമയമില്ല, കാപ്പന് പാലാ നൽകാനാകില്ല.
കാപ്പൻ വേണമെങ്കിൽ എലത്തൂരോ കുട്ടനാടോ മത്സരിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്നോട് ഫോണിൽ പറഞ്ഞതായി പ്രഫുൽ പട്ടേൽ കാപ്പനെയും അറിയിച്ചു. പാലാ സീറ്റിനു പകരം രാജ്യസഭാ സീറ്റ് നൽകാനാകില്ലന്നും പ്രഫുൽ പട്ടേലിനോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ഈ വിവരം പ്രഫുൽ പട്ടേൽ പവാറിനെ അറിയിച്ചു. തുടർന്ന് മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ പവാർ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനോട് അവശ്യപ്പെട്ടിട്ടുണ്ട്.