കരാര്‍ പ്രകാരമുള്ള തുക നല്‍കിയില്ല; നടത്തിയത് വഞ്ചിക്കാനുള്ള ശ്രമങ്ങള്‍; സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി; ചോദ്യം ചെയ്യാനാണെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; വഞ്ചനാകേസില്‍ ബോളിവുഡ് നടിയ്ക്ക് താത്കാലിക ആശ്വാസം

0
162

കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. തനിക്ക് 39 ലക്ഷം രൂപ നൽകിയിട്ടില്ലെന്നും കാര്യങ്ങൾ വളച്ചുകെട്ടുകയാണെന്നും ജാമ്യാപേക്ഷയിൽ സണ്ണി ലിയോണ്‍ ബോധിപ്പിച്ചു. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ സ്റ്റേജ് ഷോ നടത്താതെ കരാർ ലംഘനം നടത്തി വഞ്ചിച്ചെന്നും പരാതിപ്പെട്ടു പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസിലാണു നടി സണ്ണി ലിയോണ്‍ , ഭർത്താവ് ഡാനിയൽ വെബ്ബർ, ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. മൂവരെയും അറസ്റ്റു ചെയ്യരുതെന്ന ഇടക്കാല അപേക്ഷയും നൽകിയിരുന്നു. തുടർന്നാണു കോടതി ഉത്തരവ്.

2016 മുതൽ പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു ഷിയാസ് ഡിജിപിക്കു നൽകിയ പരാതി. തുടർന്നു ക്രൈംബ്രാഞ്ച് ഈ മാസം മൂന്നിനു സണ്ണി ലിയോണിയുടെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. സണ്ണി ലിയോണിയും ഭർത്താവും യുഎസ് പൗരൻമാരാണെന്നും സൺ സിറ്റി മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും സുനിൽ രജനി ജീവനക്കാരനാണെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഒഷ്മ ക്ലബ് 69 നായി 30 ലക്ഷം രൂപയ്ക്കു 2018 മേയ് 11 ന് കോഴിക്കോട് ഷോ നടത്തണമെന്ന് ആവശ്യപ്പെട്ടു ദാദു ഓഷ്മയെന്നയാളാണു സമീപിച്ചതെന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുൻകൂർ നൽകിയെന്നും സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഷോയ്ക്ക് ഒരാഴ്ച മുൻപു ബാക്കി 50% നൽകുമെന്നായിരുന്നു അന്ന് സമ്മതിച്ചിരുന്നത്. എന്നാൽ പിന്നീട് കാലാവസ്ഥ പ്രശ്നം പറഞ്ഞു ഷോ നടത്തുന്നത് ഏപ്രിൽ 27 ലേക്ക് മാറ്റണമെന്നു പറഞ്ഞു. അതു സമ്മതിച്ചു. എന്നാൽ സംഘാടകർ മഴ കണക്കിലെടുത്ത് ഷോ മേയ് 26 ന് തിരുവനന്തപുരത്തേക്കു മാറ്റണമെന്നു വീണ്ടും ആവശ്യപ്പെട്ടു. ഇതും സമ്മതിച്ചു. ആവശ്യപ്പെട്ടതുപോലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, സംഘാടകരെ വിശ്വസിച്ചു ഷോയെക്കുറിച്ചു പ്രഖ്യാപനവും നടത്തി. ഷോയ്ക്ക് കൊച്ചിയിലെത്തിയെങ്കിലും കരാർ പ്രകാരമുള്ള തുക നൽകാതെ ഷോയിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണു നടത്തിയതെന്നു ജാമ്യാപേക്ഷയിൽ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here