ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് അമ്പരപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കിരണ്‍ ബേദിയെ കേന്ദ്രം പുറത്താക്കിയിരുന്നില്ല. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി കൃഷ്ണ റാവു എംഎല്‍എയും ഡല്‍ഹിയിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ട് ലഫ്. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മല്ലാഡി കൃഷ്ണ റാവു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതു പാർട്ടിക്കു തിരിച്ചടിയായി. റാവു ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനു കേവല ഭൂരിപക്ഷം നഷ്ടമായി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുതിവച്ചിരുന്ന ഏറ്റവും വലിയ പ്രചാരണായുധത്തിന്റെ മുനയൊടിക്കുകയാണ് ബേദിയെ ഒഴിവാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നാണു ബിജെപി ഭാഷ്യം. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎന്‍ആര്‍സിയും ബേദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായിരുന്നില്ല. . കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തി രാഷ്ട്രപതി ഭരണം വരികയാണെങ്കില്‍ കിരണ്‍ ബേദി ലഫ്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് ബിജെപിക്ക് ആശങ്കയുണ്ട്. ഇതുവരെയുള്ള വിവാദങ്ങളും ബേദിയെ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണവും ദോഷം ചെയ്യുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് ബേദിയെ ഒഴിവാക്കി പുതിയ നിയമനം നടത്തുംവരെ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കാന്‍ തീരുമാനിച്ചത്.
മറ്റു പാര്‍ട്ടികളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളെ അടര്‍ത്തിയെടുക്കുന്ന ‘ഓപ്പറേഷന്‍ കമല’ തന്നെയാണ് ബിജെപി പുതുച്ചേരിയിലും പയറ്റുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2016 മേയ് 28നാണ് കിരണ്‍ ബേദി പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായത്. 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനചലനം.