ന്യൂഡൽഹി: കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മേയ് 2ന് നടക്കും. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറത്തുവരും. നോമിനേഷൻ നൽകാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. സൂക്ഷ്‌മപരിശോധന മാർച്ച് 20നും, പിൻവലിക്കാനുള്ള തീയതി 22നും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.
തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിന് സമാനമായ തീയതികളിൽ തിരഞ്ഞെടുപ്പ് നടക്കും.വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ് ആണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി.
സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും.ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്.150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളിൽ കൂടുതൽ ജാഗ്രത പുലത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.
അസമിൽ മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം മാർച്ച് 27, രണ്ടാം ഘട്ടം ഏപ്രിൽ 1, മൂന്നാം ഘട്ടം ഏപ്രിൽ 6. പശ്ചിമബംഗാളിൽ എട്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം- മാർച്ച് 27ന്. രണ്ടാം ഘട്ടം- ഏപ്രിൽ 1, മൂന്നാം ഘട്ടം- ഏപ്രിൽ 6, നാലാം ഘട്ടം- ഏപ്രിൽ 10, അഞ്ചാം ഘട്ടം- ഏപ്രിൽ 17, ആറാം ഘട്ടം- ഏപ്രിൽ 22, ഏഴാം ഘട്ടം- ഏപ്രിൽ 26, എട്ടാം ഘട്ടം- ഏപ്രിൽ 29. മേയ് രണ്ടിന് ഫലംപ്രഖ്യാപനം.പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓൺലൈനായും പത്രിക നൽകാം. വീടുകൾ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളിൽ അഞ്ച് വാഹനങ്ങൾ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.