ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ അന്തരീക്ഷം, നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും.
ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തല പ്രശ്നങ്ങളെ പറ്റിയും ഇരുവരും ചർച്ച ചെയ്യും. ഇതിനൊപ്പം മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന 10,000 മെഗാവാട്ട് ആണവ നിലയത്തിന്റെ പുരോഗതിയും പി -75 ഐ പദ്ധതി പ്രകാരം ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കാനൊരുങ്ങുന്ന ആറ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളെ പറ്റിയും ചർച്ച ചെയ്തേക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ നിലപാടിനെ ഫ്രാൻസ് സ്വാഗതം ചെയ്തതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള കൂടികാഴ്ച. ഭീകരതയ്ക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
അതേസമയം മിറാഷ് യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം, അഗോസ്റ്റ 90 ബി ക്ലാസ് അന്തർവാഹിനികൾ എന്നിവ നവീകരിക്കാൻ പാകിസ്ഥാനെ സഹായിക്കില്ലെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനമുയർത്തിയതാണ് കാരണം. ഇതിന് ഒപ്പം ഖത്തറിനോടും തങ്ങളുടെ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പാകിസ്ഥാൻ വംശജരായ സാങ്കേതിക വിദഗ്ദ്ധരെ എൽപ്പിക്കരുതെന്ന നിർദ്ദേശവും നൽകി.