തിരുവനന്തപുരം: നഷ്ടമായ കുട്ടിയെ ലഭിക്കാന്‍ സത്യഗ്രഹ സമരം ചെയ്യുന്ന അജിത്തിനും അനുപമയ്ക്കും കേരളത്തിലെ സാംസ്കാരിക നായകരുടെ പിന്തുണ. സാംസ്കാരിക നായകരായ ബി.ആര്‍.പി ഭാസ്കര്‍, എം എന്‍ കാരശ്ശേരി, ബി. രാജീവന്‍, കെ ജി എസ്, ജെ. ദേവിക, കല്‍പ്പറ്റ നാരായണന്‍. സാവിത്രി രാജീവന്‍ എന്നിവരാണ് അജിത്തിനും അനുപമയ്ക്കുമായി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. അനുപമ അജിത് ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍ പി ഇ ഉഷയും സജീവമായി രംഗത്തുണ്ട്.
അനുപമയുടെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. കടുത്ത സദാചാരാരോപണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തി വിട്ടത്. ജാതിയും വർഗ്ഗവും ആധാരമാക്കി പച്ചയായ ദുരഭിമാനപീഡനമാണ് ഇതിൽ നടന്നു കൊണ്ടിരിക്കുന്നത്.
സാമൂഹിക വികസനവും രാഷ്ട്രീയ പ്രബുദ്ധതയും നവോത്ഥാനവും ആഘോഷമാക്കുന്ന ഇന്നത്തെ കേരളത്തിലാണ് ഈ സാമൂഹിക അതിക്രമങ്ങൾ നടക്കുന്നത്. വിടെ നമുക്ക് നിശബ്ദരാവാൻ കഴിയുമോ? അനുപമയുടെയും അജിത്തിൻ്റെയും നവജാത ശിശുവിൻ്റെയും അവകാശങ്ങൾ ഒരുപോലെ നിഷേധിക്കുന്ന രീതിയിലാണ് നിയമലംഘകരുടെ പക്ഷത്ത് ഭരണകൂട സ്ഥാപനങ്ങൾ സജീവമായി നിൽക്കുന്നത്.
ഭരണരാഷ്ട്രീയ നേതൃത്വം ഇരകളുടെ പരാതികൾ നിഷേധിച്ചു കൊണ്ടാണ്, പൊതുസമക്ഷം നിലപാട് എടുത്തിരിക്കുന്നത്. ആരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണത്. ഇന്ന് നമ്മൾ നിശ്ശബ്ദരായാൽ, സദാചാര തീവ്രവാദവും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും രാഷ്ട്രീയ ദുഷ്പ്രഭുത്വവും ചോദ്യം ചെയ്യപ്പെടേണ്ട ചരിത്രനിമിഷങ്ങളിൽ നിങ്ങളെന്തുകൊണ്ട് നിശ്ശബ്ദരായെന്ന് വരുംതലമുറ വിചാരണ ചെയ്യും. ഈ നിമിഷത്തെ നമ്മുടെ മൗനത്തിന് അധാർമ്മികതയുടെയും അവസരവാദത്തിൻ്റെയും അർത്ഥം മാത്രമേ അന്നുണ്ടാവൂ-കുറിപ്പില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
കുടുംബമഹിമ കാത്തുസൂക്ഷിക്കാന്‍, പ്രസവിച്ച കുഞ്ഞിനെ അമ്മയിൽ നിന്നും ബലമായി എടുത്തുമാറ്റിയ ക്രൂരത നവോത്ഥാന കേരളത്തെ ഞെട്ടിച്ചിരിക്കുകയാണല്ലോ. ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയോടെ, നിരവധി ഭരണകൂടസ്ഥാപനങ്ങൾ ചേർന്നാണ് കേരളചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ ദുരഭിമാന ‘കുട്ടിക്കടത്ത്’ നടത്തിയിരിക്കുന്നത്.
ഗർഭാവസ്ഥയിലും പ്രസവിച്ച ശേഷവും ആവശ്യമായ ആരോഗ്യശുശ്രൂഷകൾ അമ്മയ്ക്കും കുഞ്ഞിനും നിഷേധിക്കപ്പെട്ടു. മാത്രമല്ല നിർബന്ധമായി സിസേറിയൻ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. വേണ്ട ആരോഗ്യശുശ്രൂഷ നല്‍കേണ്ട ആദ്യ നാളുകളിലാണ് അനുപമയുടെ പക്കൽ നിന്നും കുഞ്ഞിനെ എടുത്തുമാറ്റിയത്. അങ്ങനെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്.
മാത്രമല്ല അനുപമയും അജിത്തും പരാതികൾ കൊടുത്ത ശേഷവും കുഞ്ഞിനെ ദത്തു കൊടുക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പോട്ട് പോവുകയാണ് ഉണ്ടായത്. പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അനുപമയുടെ പരാതികളെ തുടർച്ചയായി അവഗണിക്കുകയും ചെയ്തു.
ഈ പ്രശ്നം സജീവമായതോടെ, കടുത്ത സദാചാരാരോപണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തി വിട്ടത്. ജാതിയും വർഗ്ഗവും ആധാരമാക്കി പച്ചയായ ദുരഭിമാനപീഡനമാണ് ഇതിൽ നടന്നു കൊണ്ടിരിക്കുന്നത്. സാമൂഹിക വികസനവും രാഷ്ട്രീയ പ്രബുദ്ധതയും നവോത്ഥാനവും ആഘോഷമാക്കുന്ന ഇന്നത്തെ കേരളത്തിലാണ് ഈ സാമൂഹിക അതിക്രമങ്ങൾ നടക്കുന്നത്.
ഇവിടെ നമുക്ക് നിശബ്ദരാവാൻ കഴിയുമോ? അനുപമയുടെയും അജിത്തിൻ്റെയും നവജാത ശിശുവിൻ്റെയും അവകാശങ്ങൾ ഒരുപോലെ നിഷേധിക്കുന്ന രീതിയിലാണ് നിയമലംഘകരുടെ പക്ഷത്ത് ഭരണകൂട സ്ഥാപനങ്ങൾ സജീവമായി നിൽക്കുന്നത്. ഭരണരാഷ്ട്രീയ നേതൃത്വം ഇരകളുടെ പരാതികൾ നിഷേധിച്ചു കൊണ്ടാണ്, പൊതുസമക്ഷം നിലപാട് എടുത്തിരിക്കുന്നത്. ആരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണത്. ഇന്ന് നമ്മൾ നിശ്ശബ്ദരായാൽ, സദാചാര തീവ്രവാദവും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും രാഷ്ട്രീയ ദുഷ്പ്രഭുത്വവും ചോദ്യം ചെയ്യപ്പെടേണ്ട ചരിത്രനിമിഷങ്ങളിൽ നിങ്ങളെന്തുകൊണ്ട് നിശ്ശബ്ദരായെന്ന് വരുംതലമുറ വിചാരണ ചെയ്യും. ഈ നിമിഷത്തെ നമ്മുടെ മൗനത്തിന് അധാർമ്മികതയുടെയും അവസരവാദത്തിൻ്റെയും അർത്ഥം മാത്രമേ അന്നുണ്ടാവൂ.
അതിനാൽ നാം നിശ്ശബ്ദരായിക്കൂടാ. ഭരണകൂട വഞ്ചനക്കും രാഷ്ട്രീയഹുങ്കിനും കപട സദാചാര പ്രചാരണങ്ങള്‍ക്കും എതിരെ അനുപമയുടെയും അജിത്തിൻ്റെയും കുഞ്ഞിൻ്റെയും കൂടെ നമ്മളെല്ലാവരും നിലയുറപ്പിക്കണം.
സാംസ്കാരിക കേരളം ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.