എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം സിപിഎമ്മിന്റെ സൃഷ്ടി; കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം വിരല്‍ ചൂണ്ടുന്നെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം സിപിഎമ്മിന്റെ സൃഷ്ടിയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎമ്മിന്റെ കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം പഠിച്ചാല്‍ ഇത് മനസിലാകും. സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കള്ളക്കടത്തിലും നിന്ന് തലയൂരാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ  തല്ലിത്തകര്‍ത്തശേഷം ആദ്യമായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ എകെജി സെന്റര്‍ ബോംബാക്രമണം സംശയാസ്പദമായ കാര്യമാണ്.

ആരാണ് ബോംബാക്രമണത്തിനു പിന്നില്‍ എന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉള്ളതിനാല്‍ പോലീസിനു കണ്ടുപിടിക്കാന്‍ കഴിയാവുന്ന കാര്യമാണിത്.

1970-ല്‍ തലശേരിയില്‍ മുസ്ലിം പള്ളികള്‍ ആക്രമിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ടത് ജനസംഘത്തിന്റെ തലയിലാണ്. ഒടുവില്‍ അന്വേഷണം വന്നപ്പോള്‍ സിപിഎം തന്നെയായിരുന്നു പ്രതിസ്ഥാനത്ത്. മുസ്ലിം സമുദായത്തിന്റെ സംരക്ഷകര്‍ എന്ന ഇമേജില്‍ നില്‍ക്കുമ്പോഴാണ് പള്ളി തകര്‍ത്ത സംഭവത്തില്‍ അന്ന്  സിപിഎം പ്രതിക്കൂട്ടിലാകുന്നത്.

ഇപ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പേരില്‍   മുഖ്യമന്ത്രി പിണറായി വിജയന്‍  തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് എകെജി സെന്റര്‍ ബോംബാക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം നടത്തിയ ശ്രമമാണ്  എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണമെന്ന് സംശയിക്കേണ്ടി വരുന്നുവെന്ന് താമരാക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here