ആയിരവല്ലി ക്ഷേത്രഭാഗം സ്ഥിരം അപകട മേഖല; ചുഴികളില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത് ഒട്ടുവളരെപ്പേര്‍ക്ക്; പൊലിയുന്നത് യുവ ജീവനുകള്‍

0
260

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ച കരമനയാറിലെ ആയിരവല്ലി ക്ഷേത്രഭാഗം സ്ഥിരം അപകട മേഖല. ഒട്ടുവളരെപ്പേര്‍ ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു പിന്‍ഭാഗത്തെ ആറിന്റെ ഭാഗത്താണ് വിദ്യാര്‍ഥികളുടെ സംഘം കുളിക്കാന്‍ ഇറങ്ങിയത്. ആറില്‍ ഇവിടെ ചുഴികള്‍ ഉള്ള ഭാഗമാണ്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ബോര്‍ഡും വെച്ചിട്ടുണ്ട്.

കുളിക്കാനിറങ്ങുന്നവര്‍ ചുഴിയില്‍ പതിക്കുകയാണ് ചെയ്യുന്നത്. മുന്‍പ് ആറ്റില്‍ നിന്നും മണ്ണെടുത്തതിന്റെ ഫലമായാണ് ഇവിടെ ചുഴി വന്നതെന്ന് നാട്ടുകാര്‍ അനന്ത ന്യൂസിനോട് പറഞ്ഞു. കുളിക്കാന്‍ വരുന്നവര്‍ ആണെന്ന് കണ്ടാല്‍ നാട്ടുകാര്‍ പലരോടും അപകട അവസ്ഥ ചൂണ്ടിക്കാട്ടാറുണ്ട്. നാട്ടുകാര്‍ അവിടെ ഇല്ലാത്ത സമയത്താണ് അപകടം നടക്കാറ്. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രഭാഗത്ത് കരമനയാറ്റിലേക്ക് ഇറങ്ങുമ്പോള്‍ ഇവിടെ പടവുകള്‍ ഒന്നുമില്ല. കല്ലുകള്‍ ചവിട്ടിയാണ് കുളിക്കാന്‍ ഇറങ്ങുന്നവര്‍ പുഴയിലേക്ക് ഇറങ്ങുന്നത്. അപകടം മനസിലാക്കാതെ മിക്കവരും ചുഴിയില്‍ കുരുങ്ങും.

ഈ ഭാഗത്തെ ആറിന്റെ അവസ്ഥ അറിയാമായിരുന്നതിനാല്‍ നാട്ടുകാര്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കും. അപരിചിതര്‍ എത്തുമ്പോള്‍ ബോര്‍ഡ് കൂടി ശ്രദ്ധിക്കാതെ ഇറങ്ങും. ഇത് അപകടം ക്ഷണിച്ചു വരുത്തും-വാര്‍ഡ്‌ കൌണ്‍സിലര്‍ രമ അനന്ത ന്യൂസിനോട് പറഞ്ഞു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ നോക്കി ശ്രദ്ധിച്ച് മാത്രം ആറ്റില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ഇറങ്ങണം. അല്ലാതെ നാട്ടുകാര്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല-രമ പറയുന്നു. ഇന്നലെ ആറ്റില്‍ ഈ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയ എൻജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്.

എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. ഇവരിൽ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. യുവാക്കൾ കാൽ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തൽ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിക്കുന്നത്. കരയ്ക്ക് എത്തിക്കുമ്പോൾ ഇവരുടെ ശരീരത്തിന് ചെറിയ ചലനം ഉണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here