തിരുവനന്തപുരം: വെറും ആറു ദിനംകൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഇന്ന് രണ്ടു ലക്ഷം കടക്കും. കൂടുതല്‍ നിയന്ത്രണങ്ങളും വാക്സീന്‍ പ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ നാളെ സര്‍വകക്ഷിയോഗവും ചേരും. വാക്സീന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ച നാളെ ചേരും. നാളെ ചേരുന്ന സര്‍വ്വകക്ഷിയോഗത്തിനു ശേഷം നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.
പ്രതിരോധത്തിനു വാക്സീന്‍ ഉല്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് നീക്കം. ചീഫ് സെക്രട്ടറി വി പി ജോയി, ധനവകുപ്പ് സെക്രട്ടറി ആര്‍ കെ സിങ്, ആരോഗ്യസെക്രട്ടറി രാജന്‍ ഖൊബ്രഗഡെ എന്നിവരുള്‍പ്പെട്ട സമിതി നാളെ ആശയവിനിമയം നടത്തും.പോളിസി രൂപീകരണത്തിനുശേഷം മൂന്നോ നാലോ ദിവസങ്ങള്‍ക്കുളളില്‍ ഓര്‍ഡര്‍ നല്കുമെന്നാണ് വിവരം. സീറം ഇന്‍സ്ററിറ്റ്യൂട്ടുമായി എത്രയും വേഗം ധാരണയിലെത്താനാണ് സര്‍ക്കാര്‍ ശ്രമം.
സീറം ഇന്‍സ്റ്റ്യൂട്ടാണ് വില നിശ്ചയിച്ച് നല്കിയിരിക്കുന്നത്. ഡോസിന് 400 രൂപ. കോവാക്സിന്‍ ഉല്പാദകരായ ഭാരത് ബയോട്ടെക് വില പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നതും കോവീഷീല്‍ഡ് വാക്സീന്‍ ആണ്. മേയ് 1 മുതല്‍ 18 നുമുകളില്‍ പ്രായമുളളവര്‍ക്ക് വാക്സീന്‍ നല്കണം. ഈ വിഭാഗത്തില്‍ 1. 56 കോടി പേര്‍ക്ക് കുത്തിവയ്പ് നല്കേണ്ടിവരും. നിലവില്‍ നാല്പത്തഞ്ചിനു മുകളില്‍ പ്രായമുളളവര്‍ക്കുപോലും കുത്തിവയ്പ് നല്കാന്‍ വാക്സീന്‍ ലഭിക്കുന്നില്ലെന്നിരിക്കെ ക്ഷാമം രൂക്ഷമാകാന്‍ ഇടയുണ്ട്.