ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇയില്‍ വിലക്ക് നിലവില്‍ വന്നു; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും

അബുദാബി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ പത്ത് ദിവസത്തെ യാത്രാ വിലക്ക് നിലവിൽ വന്നു. ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. . ഇന്നലെ കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കുവൈത്ത് എയർവേയ്സിന്റെയും കൊച്ചിയിലേക്കുള്ള ജസീറ എയർവേയ്സിന്റെയും പ്രത്യേക സർവീസുകൾ റദ്ദാക്കി. അതേസമയം, വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയശേഷം കുവൈത്തിൽ പ്രവേശിക്കാം. ഖത്തറിലേക്ക് പോകാൻ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇന്ത്യയിലെ സർക്കാർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

യുഎഇ വിലക്ക് പ്രഖ്യാപിച്ചതോടെ അത് മറികടക്കാൻ ഒട്ടേറെ വിമാനക്കമ്പനികൾ ഇന്നലെ സർവീസ് നേരത്തെയാക്കിയിരുന്നു. നാലിരട്ടിയിലേറെ തുക നൽകിയാണ് പലരും യുഎഇയിലേക്ക് സീറ്റ് ഉറപ്പാക്കിയത്. . ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവരും വീസാ കാലാവധി തീരാൻ അധികം ദിവസങ്ങളില്ലാത്തവരുമാണ് പ്രധാനമായും ഇന്നലെ തിരികെ എത്തിയത്. അതേസമയം സ്വദേശി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, സ്വകാര്യ വിമാനങ്ങളിലെത്തുന്ന വ്യവസായികൾ, യുഎഇയുടെ ഗോൾഡ് വീസയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. ഇവർ യുഎഇ വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റും എടുക്കണം.

കോവി‍ഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് യാത്രയുടെ 48 മണിക്കൂറിനകം എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമായും ഇന്ത്യക്കാർക്ക് എത്താം. യാത്രാവിലക്ക് നീക്കിയാലും ഇന്ത്യയിൽ നിന്നുള്ളവർക്ക് അബുദാബിയിലെത്തുന്നതിനുള്ള കടുത്ത നിയന്ത്രണം തുടരും. യാത്രാ നടപടികളിൽ ഇളവുള്ള രാജ്യങ്ങളുടെ ഗ്രീൻ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തതിനാലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here