മണിപ്പൂര്‍ ഭീകരാക്രമണത്തില്‍ രാജ്യം നടുക്കത്തില്‍; കൊല്ലപ്പെട്ടത് കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരും

ഗുവാഹത്തി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസറും ഭാര്യയും എട്ടുവയസുള്ള മകനും 4 സൈനികരും കൊല്ലപ്പെട്ടു. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ ഇന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആക്രമണം. ഈ മേഖലയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമമണമാണ് ഇന്ന് നടന്നത്. ചുരാചാന്ദ്പൂരില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെയുള്ള വിദൂര സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പുര്‍ എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അസം റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും അദ്ദേഹത്തിന്‍റെ സുരക്ഷാച്ചുമതലയുള്ള സേനാംഗങ്ങളുമാണ് വീരമൃത്യുവരിച്ചത്. കുഴിബോംബ് സ്ഫോടനം നടത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. കമാന്‍ഡിങ് ഓഫീസറും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി മോദി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൈനികരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും മനസ്‌ ദുഖിതരായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here