ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശ; ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ രാത്രി പുറത്തുവിടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണ്. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ല. ബി.എല്‍.ഒമാരോടാണ് കമ്മീഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവര്‍ക്കറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

‘4,34,000 വോട്ടുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വ്യാജന്‍മാരുണ്ട്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെ വ്യാജവോട്ടര്‍മാരുടെ ലിസ്റ്റ് പുറത്തുവിടും. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലിസ്റ്റ് പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചെയ്യേണ്ടതായിരുന്നു. വിപുലമായ പഠനത്തിലൂടെയാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇത് കണ്ടെത്തിയത്-‘ ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here