തിരുവനന്തപുരം: സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി കെ.മുരളീധരന്‍ ഇന്ന് നേമം മണ്ഡലത്തിലെത്തും. മുരളീധരന്റെ വരവില്‍ ആശങ്കപ്പെട്ടു കടുത്ത എതിര്‍പ്പുമായി സ്ഥാനാര്‍ത്ഥികളായ ബിജെപിയുടെ കുമ്മനവും സിപിഎമ്മിന്റെ ശിവന്‍കുട്ടിയും രംഗത്തുണ്ട്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം തന്നെ പ്രചരണായുധമാക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും. ധൈര്യമുണ്ടങ്കില്‍ എം.പി സ്ഥാനം രാജിവച്ചിട്ട് മല്‍സരിക്കണമെന്ന് ഇടത് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ജയിച്ചാല്‍ ഇടക്ക് വച്ച് മുരളിയേപോലെ മണ്ഡലം മാറില്ലെന്നതാണ് പ്രധാന ഉറപ്പെന്ന് കുമ്മനം രാജശേഖരനും പരിഹസിച്ചു.
മുന്‍ഗാമി ഒ.രാജഗോപാലിന്റെ അനുഗ്രഹം വാങ്ങിയാണ് കുമ്മനം രാജശേഖരന്‍ പോര്‍ക്കളത്തിലിറങ്ങുന്നത്. കുമ്മനത്തിനുള്ള നല്ല രാഷ്ട്രീയ കൊട്ട് രാജഗോപാല്‍ ഇതിന്നിടെ നല്‍കുകയും ചെയ്തു. കുമ്മനം തന്ടെ പിന്‍ഗാമി അല്ലെന്നാണ് രാജഗോപാല്‍ പ്രതികരിച്ചത്. കുമ്മനത്തിനു ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് രാജഗോപാലിന്റെ ഇന്നലത്തെ പ്രസ്താവന. മുരളീധരന്റെ വരവോടെ പോരാട്ടം കടുക്കുകയാണ്.
ഓരോ വാര്‍ഡിലും സ്ത്രീകളെ അണിനിരത്തി ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത കുമ്മനം ബോധ്യപ്പെടുത്തുന്നു. ഒപ്പം ആദ്യം വട്ടിയൂര്‍ക്കാവിലെ എം.എല്‍.എ സ്ഥാനവും ഇപ്പോള്‍ വടകര എം.പി സ്ഥാനവും പാതിവഴിയില്‍ ഉപേക്ഷിച്ച് മല്‍സരിക്കുന്ന കെ.മുരളീധരനെതിരായ പരിഹാസവും. ഇതാണ് ബിജെപി പ്രചാരണ ആയുധങ്ങള്‍.
റോഡ് ഷോയിലൂടെ കരുത്ത് തെളിയിക്കാനാണ് ശിവന്‍കുട്ടിയുടെ ശ്രമം. ഓട്ടോയും സ്കൂട്ടറും സ്ത്രീകളുമൊക്കെയായി മണ്ഡലം നിറഞ്ഞ് യാത്ര. മുരളീധരന്‍ എം.പി സ്ഥാനം രാജിവക്കാത്തത് നേമത്തെ തോല്‍വി ഭയന്നിട്ടാണെന്ന ആക്ഷേപവും ഉയര്‍ത്തുന്നു