ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോള്‍ നേടിയത് സ്‌റ്റെയിന്‍മന്‍; ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലം; ഹീറോയായത് ഗോളെന്നുറച്ച അഞ്ചോളം കിക്കുകള്‍ തടഞ്ഞ ദേബ്ജിത്ത്; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ് ബംഗാള്‍കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളൂരുവിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ അവസാന അഞ്ചുമത്സരങ്ങളില്‍ തോല്‍ക്കാതെ പോയന്റ് പട്ടികയില്‍ മുന്നേറാന്‍ ഈസ്റ്റ് ബംഗാളിനായി.
തകര്‍പ്പന്‍ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. ഗോളെന്നുറച്ച അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് ഇന്ന് വിഫലമാക്കിയത്.

തുടര്‍ച്ചയായി നാലുകളികള്‍ തോറ്റ് ബെംഗളൂരു വലിയ പ്രതിസന്ധിയിലാണ്. ആദ്യ മത്സരത്തില്‍ തന്നെ ബെംഗളൂരു തോല്‍വി വഴങ്ങി. ഈ തോല്‍വിയോടെ ബെംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. വിജയിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ പത്തുപോയന്റുമായി ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

മത്സരത്തില്‍ 20-ാം മിനിട്ടില്‍ ഗോള്‍ പിറന്നു. ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഈസ്റ്റ് ബംഗാള്‍ ഗോള്‍ നേടി. ജര്‍മന്‍ താരം മാറ്റി സ്‌റ്റെയിന്‍മനാണ് ടീമിനായി ഗോള്‍ നേടിയത്. നാരായണ്‍ ദാസിന്റെ ഉജ്ജ്വല പാസ്സ് സ്വീകരിച്ച സ്റ്റെയിന്‍പാന്‍ പന്ത് കാലുകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടു. പന്ത് വലയിലേക്ക് ഉരുണ്ടുപോകുന്നത് നോക്കി നില്‍ക്കാനെ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് സാധിച്ചുള്ളൂ. ബെംഗളൂരുവിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.

സ്റ്റെയിന്‍മന്‍ ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്. ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നു കളിച്ച ബെംഗളൂരു ലോങ് പാസ് ഗെയിമിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. പക്ഷേ ഡാനിയേല്‍ ഫോക്‌സ് നയിച്ച ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ബെംഗളൂരുവിന് ഗോള്‍ നേടാനായില്ല. . 47-ാം മിനിട്ടില്‍ സുനില്‍ഛേത്രി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് അത് തട്ടിയകറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here