കൊച്ചി: സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്. ഈ മാസം 26-ന് സിനിമ തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിന്‍ ബാബു തന്നെയാണ്. ഈയിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. . യു.എ.എന്‍. ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എന്‍. ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
2020 മുതല്‍ 50-ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ‘ബിരിയാണി’ക്ക് 20-ഓളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്ത് നടന്ന ഐഎഫ്എഫ്കെയില്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ച പ്രതികരണം വളരെ പ്രചോദനകരമായിരുന്നുവെന്ന് സജിന്‍ ബാബു പറഞ്ഞു. മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ഷോയും ഹൗസ്ഫുളായിരുന്നു. തിയറ്ററുകളിലും ‘ബിരിയാണി’ സമാനമായി സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സജിന്‍ ബാബു പറഞ്ഞു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ‘ബിരിയാണി’ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാര്‍ഡ് ലഭിച്ചു.