അനുവാദമില്ലാതെ ചോര്‍ത്തിയത് 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെവ്യക്തിവിവരങ്ങള്‍; സിബിഐ ചോദ്യം ചെയ്യലില്‍ വിവരം വെളിപ്പെടുത്തിയത് ഫെയ്സ് ബുക്ക്‌; കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ കേസ്

0
224

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതത്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്.

കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ ഗൂഢാലോചന, സൈബര്‍ കുറ്റകൃത്യം എന്നിവയിലാണ് കേസ്. ഇന്ത്യയില്‍നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ജിഎസ്ആര്‍എല്‍ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും അത് കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും സിബഐയുടെ ചോദ്യം ചെയ്യലില്‍ ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു.

ജിഎസ്ആര്‍എല്‍ സ്ഥാപകനായ ഡോ. അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പിലൂടെയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത്. അക്കാദമിക ഗവേഷണ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ഫെയ്‌സ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ആര്‍എല്‍ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഇവര്‍ ഉപയോക്താക്കളെ കുറിച്ച് അനുവാദമില്ലാതെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്നും സിബിഐ കണ്ടെത്തി. ജനസംഖ്യാ വിവരങ്ങള്‍, ലൈക്ക് ചെയ്ത പേജുകള്‍, സ്വകാര്യ ചാറ്റിലെ ഉള്ളടക്കങ്ങള്‍ എന്നിവ ആപ്പ് ഉപയോക്താക്കളുടെ അനുവാദമില്ലാതെ ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here