വാളയാര്‍ പെണ്‍കുട്ടികളുടെമരണം; അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. പോക്സോയും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി രണ്ട് കേസുകളാണ് തിരുവനന്തപുരം യൂണിറ്റ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പീഡനത്തിന് ഇരയായ ശേഷമുള്ള മരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെങ്കിലും തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ വിചാരണ കോടതി പ്രതികളെ വെറുതേവിട്ടു. ഇതിനെതിരെ കുട്ടികളുടെ അമ്മയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടരന്വേഷണത്തിന് വഴിയൊരുങ്ങിയത്.

വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുകയാണ് കുട്ടികളുടെ അമ്മ. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് കുട്ടികളുടെയും മരണം പ്രത്യേക കേസായി അന്വേഷിക്കും.

പോക്സോ കുറ്റത്തിന് പുറമെ ആത്മഹത്യാ പ്രേരണാകുറ്റവും അതിക്രമിച്ച് കയറി ഉപദ്രവിക്കലടക്കമുള്ള വകുപ്പുകളാണ് പാലക്കോട് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും കൊലപാതക സാധ്യത കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രതികള്‍ ആരാണെന്ന് പൊലീസ് അന്വേഷണത്തില്‍ തന്നെ വ്യക്തമാണ്. പക്ഷെ നാല് വര്‍ഷം പഴക്കമുള്ള കേസില്‍ തെളിവ് കണ്ടെത്തുകയാണ് സി.ബി.ഐക്ക് മുന്നിലെ വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here