തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.
ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു മണിക്കൂർ കൂടി നീട്ടും. കോവിഡ് പോസിറ്റിവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും അവസാനമണിക്കൂറിൽ വോട്ടു ചെയ്യാം. മുതിർന്ന പൗരന്മാർക്കും മറ്റുമുള്ള തപാൽ വോട്ടുകളുടെ പോളിങ് സുതാര്യമായി നടത്തണമെന്നു വിവിധ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കമ്മിഷൻ കണക്കിലെടുക്കുമെന്നും അറോറ വ്യക്തമാക്കി. മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
മലപ്പുറം, പാലക്കാട്, വയനാട് ജില്ലകൾ പ്രശ്നബാധിതമായതിനാല്‍ . ഈ ജില്ലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സംസ്ഥാനത്തെ ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും വിദ്യാർഥികളുടെ പരീക്ഷകളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷൻ പിന്നീടു ഡൽഹിയിൽ പ്രഖ്യാപിക്കും. മാർച്ചിലാണ് എസ്‌എസ്എൽസി പരീക്ഷ. മേയിൽ സിബിഎസ്‌ഇ പരീക്ഷയും.
ഏപ്രിൽ രണ്ടാം വാരത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് വേണമെന്നാണ് യുഡിഎഫിന്റെയും ആവശ്യം. മേയിൽ വേണം തിരഞ്ഞെടുപ്പെന്ന് ബിജെപിയും ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും ഒരു ദിവസംതന്നെ വോട്ടെടുപ്പ് നടത്തണമെന്ന് മൂന്നു മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.