ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്ക്; സ്വപ്നയുടെ രഹസ്യമൊഴി ഹൈക്കോടതിയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് സത്യവാങ്മൂലം. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തിലാണ് കസ്റ്റംസിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്.

യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴി പറയുന്നു. അറബിക് ഭാഷ അറിയാവുന്നതിനാല്‍ രാഷ്ട്രീയക്കാര്‍ക്കും കോണ്‍സുലേറ്റിനും ഇടയില്‍ പ്രവര്‍ത്തിച്ചതും താനാണെന്നും എല്ലാ വിവരങ്ങളും തനിക്കറിയാമെന്നുമാണ് സ്വപ്നയുെടെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധമായ ഇടപാടില്‍ പങ്കുണ്ട്. പല ഉന്നതര്‍ക്കും ഡോളര്‍ കടത്തില്‍ കമ്മിഷന്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ സര്‍ക്കാര്‍ – കോൺസുലേറ്റ് ഇടപാടിലെ പ്രധാന കണ്ണിയാണ് . സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു.

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുേരഷ് പറഞ്ഞിട്ടുണ്ട് . കഴിഞ്ഞ ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. മൊഴി പരിശോധിച്ച എസിജെഎം കോടതി ഉന്നതരുടെ പേരുകള്‍ കണ്ട് ഞെട്ടിപ്പോയെന്നും അന്വേഷണം വേണമെന്നും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here