തിരുവനന്തപുരം: കള്ളവോട്ട് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോടെ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്നം. കുമാരിയുടെ പേരില്‍ അവരറിയാതെ മറ്റ് നാല് ഇലക്ടറല്‍ കാര്‍ഡുകള്‍ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് അവരുടെ പേരിലുള്ള മറ്റ് ഇലക്ടറല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ ഇരിക്കുന്നത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേര്‍ക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടത്. കുമാരിയെപ്പോലുള്ളവരുടെ പേരില്‍ അവരറിയാതെ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കി കള്ളവോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു കൂടിയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കാസര്‍കോട് ഉള്‍പ്പടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് ചില പ്രത്യേക പാര്‍ട്ടിക്കാര്‍ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് തെളിവ് സഹിതം ഞാന്‍ ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആ വിവരം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഓരോ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ ഒരേ പേരുകാര്‍ തന്നെ നിരവധി തവണ ആവര്‍ത്തിക്കപ്പെടുകയും ഒരേ ആള്‍ക്ക് നിരവധി തവണ ഇലക്ടറല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകളാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇതിന് ഉദാഹരണമായി ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുമാരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ അഞ്ചിടത്താണുള്ളത്. എന്നാല്‍ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണെന്നും അവരുടെ കൈവശം ഒരു ഇലക്ടറല്‍ കാര്‍ഡ് മാത്രമേ ഉള്ളൂ എന്നും ചില മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഉദുമയില്‍ മാത്രമല്ല, തൃക്കരിപ്പൂര്‍, കൊയിലാണ്ടി, കൊല്ലം, കഴക്കൂട്ടം, നാദാപുരം, കൂത്തുപറമ്പ്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഇരട്ടിപ്പുകളാണ് വോട്ടര്‍ പട്ടികയിലുണ്ടയിരിക്കുന്നത്. നാദാപുരത്ത് അത് ആറായിരത്തിനും മുകളിലാണ്. ഇത് യഥാര്‍ത്ഥ ജനഹിതത്തെ അട്ടിമറിക്കുന്നതാണ്. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുതെന്നും ചെന്നിത്തല വ്യക്തമാക്കി.