സന്ദീപും സരിതും 21 തവണ സ്വര്‍ണം കടത്തിയതിന് തെളിവ് എവിടെ? ഇ.ഡി.യെ കുടഞ്ഞ്‌ കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ കുടഞ്ഞ്‌ വിചാരണക്കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സന്ദീപ് നായര്‍ക്കും സരിതിനും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് വിചാരണക്കോടതി ഇഡി അന്വേഷണത്തെ കുടഞ്ഞത്. സന്ദീപും സരിതും 21 തവണ സ്വര്‍ണം കടത്തിയതിന് തെളിവ് എവിടെയെന്നാണ് വിചാരണക്കോടതി ചോദിച്ചത്. പ്രതികളുടെ കുറ്റസമ്മതമൊഴിയല്ലാതെ മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇഡി വ്യക്തമാക്കി. പ്രതികളുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റ് എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചു. സന്ദീപും സരിതുമാണ് സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍മാരെന്നും തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കേസിന്‍റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത്.

കോവിഡ് വ്യാപന സാഹചര്യങ്ങളും കോടതി കണക്കിലെടുത്തു. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്നയ്ക്കും ശിവശങ്കറിനും ജാമ്യം ലഭിച്ചതിനാല്‍ ഇവര്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ വിചാരണക്കോടതി വ്യക്തമാക്കി. അതേസമയം സരിത്തിനും സന്ദീപിനും ജാമ്യം നല്‍കിയ വിചാരണക്കോടതി ഉത്തരവിന് എതിരെ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ബുധനാഴ്ചയാണ് സന്ദീപിനും സരിത്തിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here