കൊവിഡ് നിയന്ത്രണങ്ങൾ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം; കര്‍ശന തീരുമാനങ്ങള്‍ വന്നേക്കും

0
127

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ചര്‍ച്ച ചെയ്യാനും വാക്സീൻ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും ഇന്ന് സര്‍വകക്ഷി യോഗം ചേരും. കൊവിഡ് അതിതീവ്ര വ്യാപനം തുടരുമ്പോഴാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാൻ സര്‍വകക്ഷി യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തണോ, പൊതു ഇടങ്ങളിലെയും ആരാധനാലയങ്ങളിലേയും നിയന്ത്രണം കര്‍ശനമാക്കണോ തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും. കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കാനും നിര്‍ദേശങ്ങള്‍ ഉണ്ടാകും.പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ നടത്തണോ വേണ്ടയോ എന്നും ഇന്നത്തെ സര്‍വകക്ഷി യോഗം തീരുമാനിക്കും.

വാക്സീൻ വിലയ്ക്ക് വാങ്ങുന്നതിലും 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷൻ സ്വകാര്യ മേഖല വഴി ആക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചര്‍ച്ച ചെയ്യാൻ ചീഫ് സെക്രട്ടറിതല ഉന്നതതലയോഗവും ഇന്ന് ചേരുന്നുണ്ട്. ഇക്കഴിഞ്ഞ 19ആം തിയതിയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത്. അവിടെ നിന്ന് ഏഴ് ദിവസം കൊണ്ട് അത് രണ്ട് ലക്ഷത്തിനുമേലെത്തി. കൂടുതല്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ ചര്‍ച്ചയാകും. എന്നാൽ ലോക്ക് ഡൗണിനോട് ഒരു പാര്‍ട്ടികളും യോജിക്കുന്നില്ല. ആരാധനാലയങ്ങൾ, ബീച്ചുകള്‍, പാര്‍ക്കുകൾ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ കര്‍ക്കശമായി നിയന്ത്രിക്കാനുള്ള തീരുമാനം ഉണ്ടാകും.

യോഗങ്ങളും വാര്‍ത്ത സമ്മേളനങ്ങളും ഓണ്‍ലൈനാക്കാനുള്ള തീരുമാനവും ഉണ്ടാകും. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയെന്നാണ് യുഡിഎഫ്, എന്‍ഡിഎ കക്ഷികളുടെ നിലപാട്. വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടാം തിയതി ലോക്ക് ഡൗണ്‍ വേണമെന്ന ആവശ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. ആള്‍ക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കിയുള്ള ആഷോഘങ്ങളാകാമെന്ന നിലപാടാണ് എല്ലാവര്‍ക്കും. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തശേഷമാകും ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടെടുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here