മന്ത്രിമാരെ കുറയ്ക്കാതിരിക്കാന്‍ നീക്കവുമായി സിപിഐ; ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് സിപിഎം തുടക്കമിട്ടു. പതിവുപോലെ സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയാണ് ആരംഭിച്ചത്. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. എന്നാൽ മന്ത്രിസ്ഥാനങ്ങൾ വിട്ടുനൽകാനാവില്ലെന്നും ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്നുമാണ് സിപിഐ നിലപാട്. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു. തുടർന്ന് സിപിഎം ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോൾ സിപിഐ കാബിനറ്റ് റാങ്കോടെ ചീഫ് വിപ് സ്ഥാനം ഉറപ്പാക്കി. ഈ ചീഫ് വിപ്പ് സ്ഥാനമാണ് വേണമെങ്കില്‍ വിട്ടുകൊടുക്കാം എന്ന് സിപിഐ പറയുന്നത്.

സിപിഎമ്മിനു മാത്രം 67 എംഎല്‍എമാര്‍ ഉള്ളതിനാൽ 13 മന്ത്രിസ്ഥാനത്തിനു വരെ അർഹതയുണ്ടെന്ന അഭിപ്രായം പാർട്ടിക്കകത്തുണ്ട്. മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച സിപിഎമ്മിന്റെ അവകാശവാദം മനസ്സിലാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണു സിപിഐ ഉദ്ദേശിക്കുന്നത്.എൽഡിഎഫിലേക്കു തിരിച്ചെത്തിയ എല്‍ജെഡിയും ന്ത്രിസ്ഥാന ആവശ്യം മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ തഴയപ്പെട്ട കെ.ബി. ഗണേഷ് കുമാറും ഇത്തവണ അവസരം നൽകണമെന്ന ആവശ്യത്തിലാണ്. മുതിർന്ന നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും ഒരു ടേം കൂടി പ്രതീക്ഷിക്കുന്നു. ഐഎൻഎല്ലും കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി. എല്‍ജെഡിയും എന്‍സിപിയും കേരളാ കോണ്‍ഗ്രസ് ബിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസുമൊക്കെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here