ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടികയില്‍ എ ഗ്രൂപ്പിന് നേട്ടം. ഐയ്ക്ക് തിരിച്ചടിയും. അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയപ്പോഴുള്ള അവസ്ഥ ഇതാണ്. എന്നാല്‍ പട്ടികയില്‍ ദലിത്, വനിതാ പ്രതിനിധ്യമില്ല. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥൻ ബാബു പ്രസാദിനെ വെട്ടിയപ്പോള്‍ പകരം കെ സി വേണുഗോപാലിന്റെ നോമിനി കെ പി ശ്രീകുമാറിന്റെ പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇടുക്കിയിൽ എസ് അശോകനെ പരിഗണിച്ചത് മാത്രമാണ് രമേശ് ചെന്നിത്തലക്ക് നേട്ടം
തിരുവനന്തപുരം, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലാണ് അവസാന നിമിഷം മാറ്റം വന്നത്. തിരുവനന്തപുരത്ത് പാലോട് രവിയുടെ രംഗ പ്രവേശം അപ്രതീക്ഷിതമായി. കോഴിക്കോട് ഡിസിസി നഷ്ടപ്പെട്ടതിൽ അമർഷത്തിലായിരുന്ന എ ഗ്രൂപ്പിന് തിരുവനന്തപുരത്ത് നേട്ടം. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ച രാജേന്ദ്ര പ്രസാദ് ഡിസിസി അധ്യക്ഷനാകും.
കോട്ടയത്ത് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവും സാമുദായിക പരിഗണനയും ഫിൽസൻ മാത്യൂസിനു അനുകൂലമായി. എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂർ ജോസ് വളളൂർ, പാലക്കാട് എ തങ്കപ്പൻ, കോഴിക്കോട് കെ പ്രവീൺ കുമാർ, മലപ്പുറം വി എസ് ജോയ്, കണ്ണൂർ മാർട്ടിൻ ജോർജ്, കാസർകോട് പി കെ ഫൈസൽ എന്നിവർ ഡിസിസി അധ്യക്ഷന്മാരാകും. വയനാട് മുതിർന്ന നേതാവ് എൻ. ഡി അപ്പച്ചൻ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായാണ് പട്ടികയിൽ ഇടം പിടിച്ചത്.