ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണത്തിന് സിപിഎം. സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗം കമ്മീഷന്‍ ഈ മാസം 25 ന് ആലപ്പുഴയിൽ എത്തും. അതേസമയം ജി. സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാൻ സംസ്ഥാന കമ്മറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചതിനു ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. കമ്മിഷന്‍ അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും 25 ന് ആലപ്പുഴയിൽ എത്തി അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ അന്വേഷണം തുടങ്ങും.
സുധാകര അനുകൂലികളായ കെ. രാഘവന്‍, കെ. പ്രസാദ് ഉൾപ്പെടെ അഞ്ച് പേര്‍ മാത്രം ജില്ലാ കമ്മറ്റിയില്‍ കമ്മീഷനെ വച്ചതിനെ എതിർത്തപ്പോൾ, മറ്റ് 35 പേരും അന്വേഷണം സ്വാഗതം ചെയ്തു. മുൻപ് ജില്ലാ കമ്മിറ്റികളിൽ ഉയര്‍ന്ന രൂക്ഷ വിമർശനങ്ങളിലും തനിക്ക് എതിരായ അന്വേഷണത്തിലും ജി. സുധാകരൻ ഒരു മറുപടിയും നൽകിയില്ല. ജി സുധാകരന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും പ്രതിരോധത്തിലാക്കുകയാണ് എതിര്‍ വിഭാഗം.
പാർട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാൻ ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇവർ കുറ്റക്കാരാണെന്ന പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജി സുധാകരൻ അനുകൂലികളായ നേതാക്കൾ ആണ് ഇവർ.
പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ സുധാകര അനുകൂലികളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മനോഹരൻ, രഘു എന്നിവര്‍ക്കെതിരെ രണ്ട് വര്‍ഷം മുൻപ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ നേതൃത്വം കമ്മീഷനെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ മെല്ലപ്പോക്കായിരുന്നു. ഔദ്യോഗിക നേതൃത്വത്തിൽ സമ്മര്‍ദ്ദം ചെലുത്തി സുധാകരവിരുദ്ധ ചേരി അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോൾ വേഗത്തിൽ ജില്ലാ കമ്മിറ്റിക്ക് മുന്നിലെത്തിച്ചു. അതോടെയാണ് നടപടികള്‍ തുടങ്ങിയത്.