ജോണി എം എൽ
ലോക പരിസ്ഥിതി ദിനമായിരുന്നു കടന്ന് പോയത്. ലോകത്ത് ഇന്ന് വരെ നടപ്പെട്ടതിനേക്കാൾ ചെടികൾ, മരങ്ങൾ, ഫലവൃക്ഷങ്ങളുടെ തൈകൾ ഒക്കെയും ആളുകൾ നട്ടു എന്ന് മാത്രമല്ല അവയുടെ ഫോട്ടോഗ്രാഫുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുകയും ചെയ്തു. വളരെ നല്ല കാര്യമാണത്. മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാൻ സാധ്യതയുള്ള കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് നല്ലതു തന്നെയാണ്.
ഫേസ്ബുക്കിനെക്കുറിച്ചു നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, അതിലേയ്ക്ക് കടന്നു വരുന്ന ഒരാൾ അതിൽ നിന്ന് താത്കാലികമായി ഇറങ്ങിപ്പോകുന്നത് വിഷാദത്തോടെയും നിരാശയുടെയും ആണെന്നാണ്. ഇറങ്ങിപ്പോകുന്നതിലുള്ള നിരാശയോ വിഷാദമോ അല്ല മറിച്ച് താനൊന്നും ലോകോപകാരപ്രദമായി ചെയ്തില്ലല്ലോ എന്ന ആത്മനിന്ദയിൽ നിന്നാണ് ഈ വിഷാദം ഉണ്ടാകുന്നത്. പരിസ്ഥിതി ദിനത്തിലും സ്വാഭാവികമായും ആളുകൾക്ക്, പ്രത്യേകിച്ച് വൃക്ഷത്തൈ നടുന്നവർക്ക് ചെറിയ തോതിലെങ്കിലും ആത്മനിന്ദ ഉണ്ടായിരുന്നിരിക്കാനുള്ള സാദ്ധ്യതകൾ കാണപ്പെടുന്നുണ്ട്. അതിന്റെ ആവശ്യം ഇല്ലെന്നു പറയാനാണ് ഈ ചെറിയ കുറിപ്പ്.
പരിസ്ഥിതി സംരക്ഷണം ഫാഷനാകുന്നു
പരിസ്ഥിതി സംരക്ഷണം എന്നത് ഇന്ന് ഒരു ധാരണയെക്കാൾ ഫാഷൻ ആയിരിക്കുന്നു. അത് കേൾക്കുമ്പോൾ സ്വാഭാവികമായും ചിലർക്ക് ഈർഷ്യ തോന്നാം. പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ ഗ്രെറ്റ തൂൺബെർഗും ഋദ്ധിമ പാണ്ഡേയും ഒക്കെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്നത് അവർ മുന്നോട്ടു വെയ്ക്കുന്ന ലോകവീക്ഷണം പങ്കിടുക എന്നത് വളരെയധികം ഇച്ഛാശക്തി വേണ്ട ഒന്നാണ് എന്നാണ്.
കേവലം ഒരു വൃക്ഷത്തൈ വെച്ചത് കൊണ്ടുമാത്രം തീരുന്ന ഉത്തരവാദിത്തമല്ല പരിസ്ഥിതിയോടുള്ള സ്നേഹം. അത് ജീവിതത്തിന്റെ ദർശനവും ധാർമ്മികാടിത്തറയും ആയി വികസിക്കുമ്പോൾ മാത്രമേ പരിസ്ഥിതിയോടും പ്രകൃതിയോടും ഉള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നുള്ളൂ. എല്ലാവരും കൃഷി ചെയ്യുകയും എല്ലാവരും വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകമല്ല നമുക്ക് വേണ്ടത്. എല്ലാവരും കാർബൺ കാലടയാളങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്ന ഒരു ലോകമാണ് നമുക്ക് വേണ്ടത്. തൂൺബെർഗും പാണ്ഡേയും ഒക്കെ പ്രവർത്തിക്കുന്നത് അതിനു വേണ്ടിയാണ്.
‘ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു’ എന്ന മനോഹരമായ ഒരു കവിത ഓ എൻ വി കുറുപ്പ് എഴുതിയിട്ടുണ്ട്. ഒരു തൈ നടുമ്പോൾ വെറുമൊരു തൈ അല്ല നടുന്നത്, ജീവിതത്തിന്റെ ഓരോ ചുവടുവെയ്പിലും മനുഷ്യനൊപ്പം നിൽക്കുന്ന സുമുഹൂർത്തങ്ങളെ പൊതിഞ്ഞു പിടിക്കുന്ന സ്നേഹത്തിന്റെ മൃദുലമായ ഒരു തണൽ ആണ് ആ നടലിലൂടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു.
പ്രമുഖ കവയത്രിയായ സുഗതകുമാരി പേരെടുത്ത ഒരു പരിസ്ഥിതി പ്രവർത്തകകൂടിയാണ്. അവരുടെ പല കവിതകളിലും പ്രകൃതിയോടുള്ള ആഭിമുഖ്യം നമുക്ക് കാണാം. ഇത്തരമൊരു സാംസ്കാരിക പരിസരം ആധുനിക കാലത്ത് നമുക്ക് ഉണ്ടായിട്ടു കൂടി നമ്മൾ ഇനിയും പരിസ്ഥിതിവാദത്തിന്റെ ദർശിനിക-സാമൂഹിക-സാംസ്കാരിക ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ കേവലം മരത്തൈ നടുന്നതിൽ അഭിരമിക്കുകയാണ്. മരത്തൈ നേട്ടത്തിന് ശേഷം നമ്മൾ കാറുകളിലോ സ്കൂട്ടറുകളിലോ കയറി പലേടങ്ങളിലേയ്ക്ക് പോകുന്നു. ഫോസിൽ ഇന്ധനത്തെ ആശ്രയിച്ചു സഞ്ചരിക്കുന്ന ഈ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കുന്നതേയില്ല.
മരങ്ങള്‍ കൊണ്ട് മാത്രം കാര്യമാകുമോ?
എത്രയേറെ മരങ്ങൾ വെച്ച് പിടിപ്പിച്ചാലും ഫോസിൽ ഇന്ധനം അഥവാ പെട്രോളിയം ഉപയോഗിച്ച് ചലിക്കുന്ന, കാർബൺ എമിഷൻ നടത്തുന്ന വാഹനങ്ങളുടെ ഉപയോഗം വര്ധിക്കുന്നുവെങ്കിൽ അതുകൊണ്ടൊരു പ്രയോജനവുമില്ല എന്നാണ് കാണുന്നത്. കൊറോണാ സമയത്തെ ലോക്ക് ഡൌൺ കാലത്ത് പരിസ്ഥിതിയ്ക്ക് ഉന്മേഷമുണ്ടായെന്നും ഓസോൺ പാളികൾ സ്വയം റിപ്പയർ ചെയ്തു എന്നും ആകാശത്തിനു നീലിമ കൂടാൻ പോന്ന തരത്തിൽ അന്തരീക്ഷമലിനീകരണം കുറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അഭിമാനിച്ച മനുഷ്യർ തന്നെയാണ് ചെറിയ ഇളവുകൾ ലഭിച്ചപ്പോൾ വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്.
മരം നട്ടവർ മൂന്നോ നാലോ കിലോമീറ്റർ ദൂരം അതിനു ശേഷം നടന്നുവോ എന്ന് സ്വയം ചോദിക്കണം. പ്രഭാതവ്യായാമത്തിനു വേണ്ടിയുള്ള നടപ്പിനെ ഇതിനോട് കണക്ക് ചേർക്കേണ്ട; വീട്ടിലേയ്ക്കുള്ള സാമാനം വാങ്ങാൻ, ഒരു സുഹൃത്തിനെ കാണാൻ, വെറുതെ ചില സന്ദർശനങ്ങൾ നടത്താൻ…എത്രപേർ നടന്നോ സൈക്കിളിലോ പോയിട്ടുണ്ടാകും? പക്ഷെ നമ്മൾ എത്രമാത്രം മരങ്ങളെക്കുറിച്ചു വാചാലരാകുന്നു! നമ്മൾ ചെയ്യുന്ന കുറ്റത്തിന് പ്രായച്ഛിത്തമെന്നോണം മരങ്ങൾ വെച്ച് പിടിപ്പിക്കുകയാണോ?
കുറ്റബോധം കൊണ്ട് വെച്ച് പിടിപ്പിച്ചിട്ടുള്ള മരങ്ങളെല്ലാം കുറ്റബോധം കൂടാതെ വെട്ടിമാറ്റപ്പെടുകയും ചെയ്യും. കൊന്നാൽ പാപം തിന്നാൽ തീരും എന്നാണല്ലോ. പ്രകൃതിയിലെ ഒരു മരം പോലും പ്രകൃതി നട്ടുപിടിപ്പിച്ചതല്ല. അതൊരു ജീവിതചക്രത്തിന്റെ ഭാഗമായി വളരെ മനോഹരമായി സ്വയം വളർന്നു പോകുന്നതാണ്.
നഗരങ്ങളുടെ ബീജം കാടിന്റെ ഗർഭപാത്രത്തിൽ
മനുഷ്യൻ കാടിന്റെ കൂടി ഒരു ഉത്പന്നമാണ്. മനുഷ്യൻ നട്ടുവളർത്തിയതല്ല കാട്. അത് അവനു വീടായിരുന്നു. അവിടെ നിന്നിറങ്ങി നടന്ന മനുഷ്യൻ ജനപദങ്ങളുടെ സൃഷ്ടിക്കായി കാടുകളെ തീയിട്ടുകളഞ്ഞു. അതിനെ പുരാവൃത്തങ്ങളാക്കുമ്പോഴാണ് നമ്മൾ ഖാണ്ഡവദഹനം പോലുള്ള കഥകളിൽ എത്തിച്ചേരുന്നത്.
സർപ്പസത്രങ്ങളിലൂടെ നാഗന്മാരെ/നാഗങ്ങളെ അല്ലെങ്കിൽ നാഗങ്ങളെ ദൈവങ്ങളായി കണ്ടിരുന്ന കാട്ടിലെ മനുഷ്യരെ തോൽപ്പിക്കുന്ന കഥകൾ നമ്മൾ കാണുന്നു. കേവലം കൊന്നൊടുക്കൽ മാത്രമല്ല, നഗരങ്ങളുടെ ബീജം കാടിന്റെ ഗർഭപാത്രത്തിൽ ആധാനം ചെയ്യുന്നതും നമ്മൾ കാണുന്നു.
അർജുനനും ഭീമനും ഒക്കെ ഇങ്ങനെ കാട്ടിലെ സ്ത്രീകളിൽ മക്കളുണ്ടാകുന്നുണ്ട്. അതിന്റെ പ്രായശ്ചിത്തമായി അവർ നാഗങ്ങളെ തങ്ങളുടെ ദൈവങ്ങളുടെ ഭാഗമാക്കി. കുറ്റബോധം സഹിക്കാൻ വയ്യാതെ വന്നപ്പോൾ കാട് വെട്ടുന്നതിനു മുൻപ് മരങ്ങളുടെ അനുവാദം ചോദിക്കണം എന്നെഴുതി വെച്ചു. നിന്നെ ഞാൻ ബലികൊടുക്കാൻ പോവുകയാണ്, അതിന് നീ അനുവാദം തരണം. കിളികളെ, മൃഗങ്ങളെ നിങ്ങൾ മറ്റൊരിടത്തേക്ക് ചേക്കേറണം. ഇത് പറഞ്ഞു കഴിയുമ്പോൾ, അതും സംസ്കൃതത്തിൽ പറഞ്ഞു കഴിയുമ്പോൾ മനുഷ്യരുടെ ഉത്തരവാദിത്തം തീർന്നു. ഒന്ന് വെട്ടിയാൽ മറ്റൊന്ന് നട്ടാൽ മതിയല്ലോ.
ഗോത്രങ്ങള്‍ സ്വീകരിച്ചത് ടാബൂ വഴികള്‍
ലോകത്തിലെ ആദിമഗോത്രങ്ങളുടെ ജീവിത രീതികളിലൂടെ പിൽക്കാലമനുഷ്യന്റെ സാമൂഹിക ജീവിതങ്ങളിൽ ഉണ്ടായ മാറ്റങ്ങളെയും വിശ്വാസങ്ങളെയും ഒക്കെ പഠിച്ച മലിനോവ്സ്കിയെപ്പോലുള്ള നരവംശശാസ്ത്രജ്ഞന്മാർ ടാബൂ എന്ന ആശയം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. ഒരു ഗോത്രത്തിനു ടാബൂ ആയി ഒരു മൃഗമോ പക്ഷിയോ വൃക്ഷമോ ഉണ്ടാകും.
ടാബൂ ആയതിനെ ദൈവതുല്യമായി സ്നേഹിക്കുകയും ആരാധിക്കുകയും വേണം. അതിനെ കൊല്ലാൻ പാടില്ല. എന്തുകൊണ്ടാണ് ഈ ഗോത്രങ്ങളിൽ ടാബൂ എന്ന ആശയം ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചു ആലോചിച്ചു വന്ന നരവംശശാസ്ത്രജ്ഞന്മാർക്ക് ലഭിച്ച വെളിപാട് ഇതായിരുന്നു; ടാബൂ ആയതെല്ലാം ഒരു കാലത്ത് വളരെ വലിയൊരളവിൽ കൊല്ലപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും ആയിരുന്നു.
ഒരു സമൂഹത്തിന്റെ ഇരയായോ ഉപയോഗത്തിനായോ വേണ്ടി കൊന്നൊടുക്കപ്പെടുന്ന മൃഗം, പക്ഷി, മരം എന്നിവ വംശനാശഭീഷണിയെ നേരിടുന്ന ഒരു അവസ്ഥയുണ്ടായി. അപ്പോൾ ആ ഗോത്രത്തിന്റെ തന്നെ നിലനിൽപ്പ് അപകടത്തിൽ ആകും എന്ന സ്ഥിതി വന്നു. ആ സ്ഥിതി ഒഴിവാക്കാൻ വേണ്ടിയാണ് ആ മരം, മൃഗം, കിളി എന്നിവയെ ടാബൂ ആക്കുന്നത്. അതിനു ദൈവീക പരിവേഷം വന്നാൽ പിന്നെ അതിനെ കൊല്ലാൻ പാടില്ല.
ഇന്ത്യയിൽ പശുക്കളെ യഥേഷ്ടം ബ്രാഹ്മണർ തിന്നിരുന്നു. ഒരു ഘട്ടത്തിൽ പുരാതന മനുഷ്യന്റെ സാമ്പത്തിക ആധാരമായ പശുക്കൾ ഇല്ലാതാകും എന്ന അവസ്ഥ വന്നു. അതോടെ അതിനു ദൈവീക പരിവേഷം നൽകി. ഇന്ന് നാം ഏത് മരത്തിനും കിളിക്കും മൃഗത്തിനും ദൈവീക പരിവേഷം നല്കുന്നുവോ, അതൊക്കെ ഒരു ഘട്ടത്തിൽ മനുഷ്യർ ഭീകരമാം വിധം കൊന്നും വെട്ടിയും നശിപ്പിക്കാൻ ശ്രമിച്ചതാണ്.
പരിസ്ഥിതി പ്രസ്ഥാനം ശക്തമാകുന്നു
പരിസ്ഥിതിയെക്കുറിച്ചുള്ള ആകുലതകൾ 1960 -70 കാലഘട്ടത്തിൽത്തന്നെ ഇന്ത്യയിൽ സജീവമായി. വിനോബാ ഭാവെ, ജയപ്രകാശ് നാരായണൻ, സുന്ദർലാൽ ബഹുഗുണ തുടങ്ങിയ പ്രകൃതിസ്നേഹികൾ കൂടിയായ സാമൂഹിക നേതാക്കന്മാരുടെ സാന്നിധ്യം ഉത്തരാഖണ്ഡിൽ (അന്ന് ഹിമാചൽ പ്രദേശിന്റെ ഭാഗം) ചിപ്കോ ആന്ദോളൻ അഥവാ മരങ്ങളെ ആലിംഗനം ചെയ്യുക എന്ന ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
ഹിമാലയത്തിന്റെ മനോഹരമായ താഴ്വരകളിൽ നിന്ന് വമ്പിച്ച തോതിൽ വനം വെട്ടി തടികളാക്കി മാറ്റുന്ന അവസ്ഥയുണ്ടായപ്പോൾ ആ പരിസ്ഥിതിവ്യവസ്ഥയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഗ്രാമീണർ മരങ്ങളെ വെട്ടാൻ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ട് മരങ്ങളെ ആലിംഗനം ചെയ്തു നിന്നു. ഇത് വലിയൊരു പ്രസ്ഥാനമായി വളർന്നു.
ദേശീയതലത്തിൽ ഇതിന് അനുരണനങ്ങൾ ഉണ്ടായി. എന്നാൽ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നതിനു രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് രാജസ്ഥാനിലെ ബിഷ്ണോയി എന്നറിയപ്പെടുന്ന ഗോത്രജീവിതം നയിക്കുന്ന ഒരു ഹിന്ദു വിഭാഗം അവർ പുണ്യമായി (ടാബൂ) ആയി കരുതിയിരുന്ന ഖേജ്രി മരങ്ങളെ അന്നത്തെ രാജാവ് വെട്ടാൻ ആളിനെ അയച്ചപ്പോൾ ആ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നു എതിർത്തു. ഒരു വിധവയും അവരുടെ മൂന്ന് പെണ്മക്കളുമാണ് ഇതിന് നേതൃത്വം നൽകിയത്.
അവരുടെ ത്യാഗത്തിൽ പ്രചോദിതരായ ഗ്രാമീണർ മുഴുവൻ രാജാവിനെതിരെ ഖേജ്രി മരങ്ങളെ ആലിംഗനം ചെയ്തു നിന്നു. മുന്നൂറ്റിയമ്പതോളം ആളുകൾ അങ്ങനെ കൊല്ലപ്പെട്ടു. അതോടെ രാജാവ് മരം വെട്ടുന്നത് നിർത്തി എന്നാണ് ചരിത്രം. ഈ ബിഷ്ണോയികൾ ടാബൂ ആയി കണക്കാക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കേസിലാണ് സിനിമാ നടൻ സൽമാൻ ഖാൻ ജയിൽശിക്ഷ അനുഭവിച്ചത്.
ബിഷ്ണോയികളുടെ സമരവും ചിപ്കോ ആന്ദോളൻ സമരങ്ങളും നയിച്ചത് ഗ്രാമീണ സ്ത്രീകളായിരുന്നു. ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് പ്രായോഗികതലത്തിൽ തുടക്കം കുറിച്ചത് ഇത്തരത്തിൽ പരിസ്ഥിതിവാദികളായ സ്ത്രീകൾ ആയിരുന്നു. സുനിതാ നാരായൺ, മേധാ പധകർ , സുഗത കുമാരി, വന്ദന ശിവ, ദയാ ബായി തുടങ്ങി അനേകം സ്ത്രീകൾ പിൽക്കാലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മുൻനിരയിൽ എത്തി.
പ്രാദേശിക തലത്തിൽ കല്ലേൻ പൊക്കുടനെപ്പോലെയുള്ള പലരും പരിസ്ഥിതി സംരക്ഷണത്തെ ജീവവ്രതമായി ഏറ്റെടുത്തു. ഇതിനിടയിൽ വമ്പിച്ച വനം കൊള്ളകൾ സർക്കാരിന്റെ ഒത്താശയോടെയും മറ്റും നടക്കുന്നുണ്ടായിരുന്നു. എസ് ജയചന്ദ്രൻ നായരും എൻ ആർ എസ് ബാബുവും ചേർന്ന് കേരളത്തിലെ വനം കൊള്ളയെക്കുറിച്ചെഴുതിയ പുസ്തകം വിവാദമായി. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് തികച്ചും അശാസ്ത്രീയമായ സാമൂഹിക വനവൽക്കരണം എന്ന പരിപാടി എഴുപതുകളുടെ ഒടുക്കവും എണ്പതുകളിലുമായി കേരളത്തിൽ ഉണ്ടാകുന്നത്.
അക്കേഷ്യ കൊണ്ട് കേരളത്തെ നിറയ്ക്കുക എന്നൊരു പരിപാടിയാണ് ആദ്യം ഉണ്ടായത്. റബർ അധിഷ്ഠിത വ്യവസായം വന്നപ്പോൾ കേരളത്തിലെ വനഭൂമികൾ റബർ തോട്ടങ്ങളായി മാറി. ഒരു ചാണക ഉണ്ട വീണാൽപ്പോലും പിറ്റേന്ന് അതിനുമേൽ റബറിന്റെ വേരുകൾ പൊതിഞ്ഞു പിടിക്കും എന്ന് വിനു എബ്രഹാം ആ മരത്തിന്റെ ആക്രമകാ സ്വഭാവത്തെക്കുറിച്ചു പറയുമ്പോൾ വിവരിക്കുന്നുണ്ട്. അത് പിന്നീട് തേക്ക്, മാഞ്ചിയം മരങ്ങൾ നടീലിലൂടെ ഒരു ഓഹരിവിപണി വ്യവസായമായി മാറി. ഇതിനൊക്കെ പരിസ്ഥിതിപരമായ ആഘാതങ്ങൾ ഉണ്ടായിരുന്നു.
കൃഷി എന്നത് സാമ്പത്തികമായ ഒരു ഉത്പാദനപ്രക്രിയയിൽ അരികുവൽക്കരിക്കപ്പെട്ടപ്പോഴാകണം കൃഷിയിടങ്ങൾ തരിശുകിടക്കാൻ തുടങ്ങിയത്. ഗൾഫ് ബൂമിന് ശേഷം തുടർന്നുണ്ടായ ആഗോളവത്കൃത സാമ്പത്തിക പരിസ്ഥിതി വരികയും കൃഷിയിടങ്ങളെല്ലാം തന്നെ ഗാർഹികാസമുച്ചയങ്ങളായി മാറുകയും ചെയ്തു. അങ്ങനെ നിർമ്മാണപ്രവർത്തനം സജീവമായതോടെ ക്വാറികൾ, മണലൂറ്റ്, മരംവെട്ട് തുടങ്ങിയ അനുബന്ധങ്ങളായ പരിസ്ഥിതി ആഘാതങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി മലയിലും സമതലത്തിലും കടലിലും പാരിസ്ഥിതിക അസന്തുലിതത്വങ്ങൾ അനുഭവപ്പെടാൻ തുടങ്ങി.
വോൾബിന്റെ വൃക്ഷസ്നേഹം
മരങ്ങൾക്ക് ജീവനുണ്ട്; മലകൾക്കും. പീറ്റർ വോൾബെൻ എന്ന ജർമ്മൻ ഫോറെസ്റ്ററുടെ ‘ദി ഹിഡൻ ലൈഫ് ഓഫ് ട്രീസ്സ്” അഥവാ മരങ്ങളുടെ രഹസ്യജീവിതം എന്ന പുസ്തകം വായിക്കേണ്ടതാണ്. ആദ്യം ഒരു തടി ഡീലറായിട്ടാണ്, മരം വെട്ടി വിൽക്കുന്നവനായിട്ടാണ് വോൾബെൻ തന്റെ ജീവിതം തുടങ്ങുന്നത്. ക്രമേണ അയാൾ ഒരു വൃക്ഷസ്നേഹിയാവുകയാണ്.
വൃക്ഷങ്ങളുടെ രഹസ്യഭാഷയെന്തെന്ന് തിരിച്ചറിയാൻ കഴിയുവോളം വോൾബിന്റെ വൃക്ഷസ്നേഹം വളർന്നു. ലോകത്തെ എവിടെയും നിൽക്കുന്ന ഒരു മരം വേരുകളിലൂടെ ലോകത്തെ എല്ലാ മരങ്ങളുമായും ഒരു ഭുമാന്തർഭാഗ വേൾഡ് വൈഡ് നെറ്റ്വർക്ക് സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അതിനാൽ ഒരു മരം ആമസോൺ കാടുകളിൽ മുറിക്കപ്പെട്ടാൽ അതിന്റെ ആഘാതം ഇങ്ങു തിരുവനന്തപുരത്തും അങ്ങ് ടോക്കിയോവിലും അനുഭവപ്പെട്ടാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.
പണമുള്ള മനുഷ്യർ ഒഴിവുകാലം ആസ്വദിക്കാൻ കടൽത്തീരങ്ങളിലേയ്ക്കോ മലകളും കാടുകളും ഉള്ളിടത്തേയ്ക്കോ പോകുന്നു. ഏതെങ്കിലും ഒരു പയ്യന് ബൈക്കോ കാറോ കിട്ടിയാൽ അവൻ പോകുന്നത് പൊന്മുടിയിലേക്കോ മൂന്നാറിലേയ്ക്കോ ആയിരിക്കും. ആത്മീയവും രാഷ്ട്രീയവുമായ നിഷേധികളെല്ലാം പോകുന്നത് ഹിൽസിലേക്കാണ്. മലകളും മരങ്ങളും പുഴകളും എന്തുകൊണ്ട് മനുഷ്യനെ വിളിക്കുന്നു? ഉത്തരം പ്രമുഖനായ എവൊല്യൂഷനറി ബയോളജിസ്റ്റായ എഡ്വേഡ് ഓ വിത്സൺ തന്റെ ‘ഒറിജിൻ ഓർ ക്രിയേറ്റിവിറ്റി’ എന്ന ഗ്രന്ഥത്തിൽ നൽകുന്നുണ്ട്.
മനുഷ്യൻ കാടിന്റെ, മരത്തിന്റെ, പുഴയുടെ, കടലിന്റെ സന്തതിയാണ്. അവന്റെ പരിണാമപ്രക്രിയയിലുടനീളം അവനൊപ്പം നിന്നത് ഇവയാണ്. ജനിതമായ അടയാളപ്പെടുത്തലുകളിൽ അമ്മയിലേക്കുള്ള മടക്കമെന്ന പോലെ, ഇവയിലേക്കുള്ള ആഭിമുഖ്യവും രേഖപ്പെടുത്തപെട്ടിട്ടുണ്ട്. നമ്മുടെ ഡി എൻ എ യിൽ മൂന്ന് ശതമാനം ഇപ്പോഴും ചിമ്പാന്സികളുടേതായുണ്ട് എന്നറിഞ്ഞാൽ അറിയാമല്ലോ നാം എന്തുകൊണ്ടാണ് കാടിനെ തേടുന്നതെന്ന്. പക്ഷെ സാമൂഹിക പുരോഗതി എന്ന വ്യാജത്തിൽ മനുഷ്യൻ ഇതിനെ മറന്നു കൊണ്ട് മുറ്റത്തു ടൈല്സിടുകയും മരം വെയ്ക്കുന്നതായി നടിക്കുകയും ചെയ്യുന്നു.
ആദിമമായ ഓർമ്മകളാണ് മനുഷ്യനെക്കൊണ്ട് മരത്തിലേക്ക് നടത്തുന്നത്. എന്നാൽ മരം നടുന്നത് ഒരു സാംസ്കാരിക ഉപോത്പന്നം ആണ്. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം. മാങ്ങാ തിന്നിട്ട് അണ്ടി മുറ്റത്തേക്കെറിയുമ്പോൾ അത് വരാനിരിക്കുന്ന തലമുറകൾക്ക് മധുരം പകരാനുള്ളതാണെന്ന് പണ്ട് മനുഷ്യർക്കറിയാമായിരുന്നു.
ഇന്ന് മാവിൻ തൈ പഞ്ചായത്തിൽ നിന്ന് വാങ്ങി ഗ്രോ ബാഗിൽ നട്ടശേഷം ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. വിത്തിനകത്തൊളിച്ചിരുന്നീ വിരിമാറത്തിറങ്ങവേ എല്ലാർക്കുമമ്മയാം ഭൂമി എന്നെ രക്ഷിച്ചിതാർദ്രയായ് എന്ന് ഒരു വിത്ത് പറയുന്ന കവിത ആരൊക്കെ പഠിച്ചിട്ടുണ്ട്? കല്ലിനുമുണ്ട് കഥപറയാൻ എന്ന് ഒരച്ഛൻ ജയിലിലിരുന്നു കൊണ്ട് മകൾക്ക് എഴുതുമ്പോൾ പണ്ട് വെള്ളാരങ്കലുകൾ തേടി നടന്ന ഒരു ബാല്യമുണ്ടായിരുന്നു.
മരങ്ങളോട് സ്നേഹം കാട്ടുക
ഒരു ശംഖിനെ കാതോട് ചേർത്തുപിടിച്ചു കാണാക്കടലുകളുടെ ഹുങ്കാരം കേൾക്കുക ഒരു മഹായാത്രയ്ക്ക് സമമായിരുന്നു. ഇന്ന് എല്ലാം ഒരു ഫോട്ടോ ഓപ്പർച്യൂണിറ്റി മാത്രം. അതിനാൽ പ്രിയരേ, മരം നടുക എന്നതല്ല പ്രധാനം, ഉള്ള മരങ്ങളോട് സ്നേഹം കാട്ടുക എന്നതാണ്. നട്ട മരങ്ങളോട് കരുതൽ കാട്ടുക എന്നതാണ്.
മരം നട്ടവർക്ക് കാർബൺ എമിഷൻ നടത്തുന്നതിൽ ഇളവൊന്നുമില്ല. മരം നട്ട ശേഷം കാറിൽ പായുന്നവനേക്കാൾ നല്ലതാണ് ഒരു മരവും നടാതെ നടന്നു പോകുന്നവൻ. അതിനാൽ മരങ്ങളെ സ്നേഹിക്കുവാൻ നമുക്ക് കാർബൺ എമിഷൻ കുറയ്ക്കും എന്നുള്ള പ്രതിജ്ഞയെടുത്തു കൊണ്ട് മുന്നോട്ട് പോകാം. അല്ലെങ്കിൽ പരിസ്ഥിതി സ്നേഹം ‘ആണ്ടേയ്ക്കൊരിക്കൽ ഓരോഗസ്റ്റ് പതിനഞ്ചിന്’ വരുന്നതാണോ സ്വാതന്ത്ര്യം എന്ന് മധുസൂദനൻ നായർ ചോദിച്ചത് പോലെ ജൂൺ അഞ്ചാം തീയതി വരുന്ന ഒന്നാണോ മരത്തോട്, പ്രകൃതിയോടുള്ള സ്നേഹം, പ്രതിബദ്ധത എന്നൊക്കെ നമുക്ക് ചോദിക്കേണ്ടി വരും.