യൂറോ കപ്പ്‌ ഇറ്റലിയ്ക്ക്; ഇംഗ്ലണ്ടിനെതിരെ ഇറ്റലിയുടെ വിജയം പെനാല്‍റ്റി ഷൂട്ടൌട്ടില്‍

വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പില്‍ മുത്തമിടുന്നത്.

ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയാണ് ടീമിന് വിജയം സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവരും പെനൽറ്റി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.

ആദ്യപകുതിയുടെ തുടക്കത്തിലേ ലീഡെടുത്ത ആതിഥേയരായ ഇംഗ്ലണ്ടിനെ, രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ഇറ്റലി സമനിലയിൽ തളച്ചതോടെ യൂറോ കപ്പ് കലാശപ്പോരാട്ടം എക്സ്ട്രാ ടൈമിൽ. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളെന്ന റെക്കോർഡുമായി രണ്ടാം മിനിറ്റിൽ ലൂക്ക് ഷാ നേടിയ ഗോളിലാണ് മത്സരത്തിൽ ഇംഗ്ലണ്ട് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ വെറ്ററൻ താരം ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here