ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഭവനില്‍വച്ച് മുതിര്‍ന്ന നേതാക്കളായ സുദിപ് ബന്ദോപാധ്യായ്, സുബ്രത മുഖര്‍ജി, ഡെറിക് ഒബ്രിയാന്‍ എന്നിവരില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയിലെ പ്രമുഖനും കേന്ദ്രമന്ത്രിയുമായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. സിന്‍ഹയെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒപ്പം നിര്‍ത്താനായത് വലിയ നേട്ടമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.
യശ്വന്ത് സിന്‍ഹയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി, രാജീബ് ബാനര്‍ജി തുടങ്ങി നിരവധി തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പകരമായാണ് സിന്‍ഹയുടെ ആഗമനം മമത കാണുന്നത്.
എ.ബി വാജ്പേയ് മന്ത്രിസഭയില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1960 ബാച്ച് െഎഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ജനതാ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 2018ല്‍ ബിജെപി വിട്ടു. മകന്‍ ജയന്ത് സിന്‍ഹ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുള്ള ബിജെപി എംപിയാണ്. 1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ 1984-ലാണ് സിന്‍ഹ രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്.
1990 നവംബറില്‍ കേന്ദ്രധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില്‍ തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്‌പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. 2018-ലാണ് ബി.ജെ.പി വിടുന്നത്. മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയില്‍ തന്നെയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുളള പാര്‍ലമെന്റംഗമാണ് അദ്ദേഹം.