തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഒമിക്രോണ്‍ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കടുത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുളളവരാണ് രണ്ടുപേര്‍. മറ്റ് രണ്ടുപേര്‍ എറണാകുളം, തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഒരാള്‍ കോംഗോയില്‍ നിന്ന് എത്തിയത്, ഒരാള്‍ യു.കെയില്‍ നിന്നും
സംസ്ഥാനത്ത് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യമാതാവിനുമാണ് ഇപ്പോള്‍ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് വന്ന 22 വയസ്സുള്ള യുവതിയും കോംഗോയിൽ നിന്ന് വന്ന 34 വയസുള്ള യുവാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കി.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നാല്‍പതായി ഉയർന്നു. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാൽപ്പതായത്. യുകെയില്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്തും ജാഗ്രത കടുപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്. അതേസമയം അധിക ഡോസ് നല്‍കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.