ന്യൂഡല്‍ഹി: കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതല്‍ 16 ആഴ്ചകളുടെ ഇടവേളയില്‍ വാക്സീന്‍ നല്‍കണം. ഗർഭിണികൾ വാക്സീൻ സ്വീകരിക്കണോയെന്ന തീരുമാനം അവർക്ക് തന്നെ വിട്ടുനൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല.ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ തുടരുന്ന രീതി ഇതാണ്. ശരീരത്തിലെ പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഇത് ഗുണമെന്നാണ് വിലയിരുത്തല്‍.
കൊവിഡ് 19 വാക്സീൻ അഡ്മിനിസ്ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാർശകൾ പോവുക. കോവിഡ് മുക്തര്‍ക്ക് ആറു മാസത്തിന് ശേഷം കുത്തിവയ്പ് മതിയെന്നും നിര്‍ദേശം നല്‍കി. കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാർശയിലില്ല.
അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നു. രോഗികളുടെ എണ്ണം ഇന്നലത്തേതിലും വര്‍ധിച്ചു. ഇന്നലെ 4120 പേര്‍ മരിച്ചു. ഇന്നലെ 3, 62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.