സര്‍ജറി ടീമില്‍ നിന്ന് കൊവിഡ് ഒരു ജീവന്‍ കവരുമ്പോള്‍; വൈറലായി ഡോ.ആഷാഡ് ശിവരാമന്റെ എഫ്ബി കുറിപ്പ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ സര്‍ജറി നയിക്കുമ്പോഴുള്ള പ്രഗത്ഭ ടീമില്‍ നിന്ന് കൊവിഡ് ഒരു ജീവന്‍ കവരുമ്പോള്‍ എന്തായിരിക്കും ഡോക്ടറുടെ ഹൃദയവികാരം. കൊവിഡ് കവര്‍ന്ന തന്റെ സഹപ്രവര്‍ത്തകയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ എഫ്ബി കുറിപ്പാണ് തിരുവനന്തപുരത്തെ പ്രഗത്ഭ ഐ സര്‍ജന്‍ ആയ ഡോക്ടര്‍ ആഷാഡ് ശിവരാമന്‍ പങ്കു വയ്ക്കുന്നത്. പ്രഗത്ഭ ഡോക്ടര്‍മാരുടെ ഒരു ടീം ഒപ്പമുണ്ടായിരുന്നിട്ടും സോണിയയെ രക്ഷിക്കാന്‍ കഴിയാത്ത നിസ്സഹായമായ അവസ്ഥയാണ് ഡോക്ടര്‍ പങ്കു വയ്ക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും ശക്തമായ ഐ ആശുപത്രിയായി ശ്രീനേത്രയെ മാറ്റണം എന്ന് പറഞ്ഞു ശ്രീനേത്രയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ സജീവമാക്കുന്നതിന് മുന്‍പ് തന്നെ ജോയിന്‍ ചെയ്തതാണ് സോണിയ. ജോലി തുടങ്ങി ഒരാഴ്ചയാകുമ്പോഴേക്കും കൊവിഡ് സോണിയയുടെ ജീവിതം തട്ടിയെടുത്തു. സോണിയയുടെ മരണത്തെ തുടര്‍ന്ന് ഡോക്ടര്‍ പോസ്റ്റ്‌ ചെയ്ത എഫ്ബി കുറിപ്പ് ഇപ്പോള്‍ വൈറലാണ്.

ഡോക്ടര്‍ ആഷാഡ് ശിവരാമന്റെ എഫ്ബി കുറിപ്പ് ഇങ്ങനെ

കണ്ണിൽ ഒരു കരടുപോയത് എടുക്കാൻ ശ്രമിക്കുമ്പോൾ പറയും ‘കണ്ണാണ്, സൂക്ഷിച്ച്…’ കണ്ണിൽ തൊടാൻതന്നെ എല്ലാരേയും പോലെ എനിക്കും ഭയമായിരുന്ന ഒരു കാലമുണ്ട്. ഒടുവിൽ ജോലി തന്നെ കണ്ണ് ഓപ്പറേറ്റ് ചെയ്യുന്നതായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഠനവും, രാഷ്ട്രീയവും, കലാപ്രവർത്തനങ്ങളും ഫോട്ടോഗ്രഫിയും ഒക്കെ താണ്ടി ഒടുവിൽ എത്തിപ്പെട്ടത് ദിവസവും നൂറുകണക്കിന് ഓപ്പറേഷൻ നടക്കുന്ന തിരുച്ചിറപ്പള്ളിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലാണ്. ഏറെ പ്രശസ്തമായ ജോസഫ് കണ്ണാശുപത്രിയുമായി ബന്ധപ്പെട്ട സ്ഥാപനം. മധുരക്കപ്പുറത്ത് മധ്യ തമിഴ്നാട്ടിലും വടക്കൻ മേഖലകളിലും ഉള്ള ഗ്രാമങ്ങളിൽ നിന്ന് നേത്രരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന താത്തമാരെയും പാട്ടിമാരേയും കൊണ്ടുവന്ന് കണ്ണ് പരിശോധിച്ച് ആവശ്യമുള്ളവർക്കെല്ലാം ശസ്ത്രക്രിയ ചെയ്യുന്ന പ്രധാനപ്പെട്ട സ്ഥലമാണ് ജോസഫ് കണ്ണാശുപത്രി.
ദിനവും നൂറു കണക്കിന് ശസ്ത്രക്രിയകൾ നടക്കുന്നയിടം. താരതമ്യേന കുറഞ്ഞ ചെലവിൽ നേത്രചികിൽസ സാധ്യമാകുന്നിടമെന്നതായിരുന്നു ജോസഫ് കണ്ണാശുപത്രിയിലേക്ക് തമിഴ്‌നാട്ടിലെ സാധാരണക്കാരായ രോഗികളെ ആകർഷിച്ചിരുന്നത്. അവിടുത്തെ തിരക്കുതന്നെയാണ് എന്നെ നേത്രശസ്ത്രക്രിയയിൽ എന്തെങ്കിലുമൊക്കെയാക്കിത്തീർത്തത്. ഒരുകാലത്ത് തൊടാൻ പേടിച്ചിരുന്ന കണ്ണുകളിൽ സൂക്ഷ്മതയോടെ ഞങ്ങൾ ശസ്ത്രക്രിയകൾ നടത്തി. ആയിരക്കണക്കിനാളുകൾക്ക് കാഴ്ചയുടെ പ്രഭാപൂരങ്ങളിലേക്ക് മടങ്ങിപ്പോകാനായി.

കണ്ണിലൊരു കരടിന്റെ ലാഞ്ജന പോലുമില്ലാതെ ഓരോരുത്തരും നന്ദിയോടെ ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ ഞാനോർക്കാറുള്ളത് അവർ കണ്ണടച്ചുകിടന്ന ഓപ്പറേഷൻ തിയേറ്ററിലെ തണുപ്പിനെയാണ്. ജോസഫ് കണ്ണാശുപത്രിക്ക് തമിഴ്‌നാട്ടിൽ പലയിടത്തും ശാഖകളുണ്ട്. വിരുതനഗർ, ധർമപുരി, പെരമ്പല്ലൂർ, അരിയല്ലൂർ, കരൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ. ഇത്തരം യൂണിറ്റുകളിലേക്ക് തിരുച്ചിറപ്പള്ളിയിൽ നിന്ന് ഡോക്ടർമാർ ഡെപ്യൂട്ടേഷനിൽ പോകുകയാണ് പതിവ്. ആയിരക്കണക്കിന് ആൾക്കാർ സന്തോഷത്തോടെ ചികിത്സ നടത്തി പൊയ്ക്കൊണ്ടേയിരുന്നു. പക്ഷെ ഒരിക്കൽ പെരമ്പല്ലൂർ യൂണിറ്റിൽ ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തിയ കുറച്ചു പേരുടെ കണ്ണിൽ അണുബാധയുണ്ടായി. ഉടന്‍തന്നെ തുടര്‍ചികില്‍സ നല്‍കിയെങ്കിലും ചിലരുടെ കാഴ്ച വീണ്ടെടുക്കാനായില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാവർക്കും സങ്കടമായി.

അണുബാധയുടെ കാരണം തേടിയപ്പോഴാണ് ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന തിയേറ്ററിലെ സ്റ്റാഫിന് പിഴവുണ്ടായി എന്ന് മനസ്സിലായത്. ഇത് വിവാദമാകുകയും അതോടെ ശസ്ത്രക്രിയ ചെയ്യാനുള്ള ധൈര്യംതന്നെ ഡോക്ടർമാർക്കില്ലാതാകുകയും ചെയ്തു. ഇത്തരം അവസ്ഥകളിൽ ഡോക്ടർമാരായിരിക്കും എപ്പോഴും കുറ്റക്കാർ.. എന്തായാലും ഈ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ജോസഫ് കണ്ണാശുപത്രിയിലെ മാത്രമല്ല, അവിടെ നിന്നു പഠിച്ചിറങ്ങിയ ഓരോരുത്തരുടേയും ഓപ്പറേഷൻ തീയേറ്ററുകൾ കുറേക്കൂടി സൂക്ഷ്മതയും കൃത്യതയുമുള്ളതാക്കി മാറ്റാനായി.
വളരെ സൂക്ഷ്മതയോടെ ശസ്ത്രക്രിയ ചെയ്യുമ്പോൾ അതിനുപയോഗിക്കുന്ന ഓരോ ഉപകരണവും പൂർണമായും അണുവിമുക്തമാക്കപ്പെട്ടതാകണം. കണ്ണിന്റെയെന്നല്ല ഏത് ഓപ്പറേഷനും അത് അത്യാവശ്യമാണ്. പക്ഷേ, മറ്റ് അവയവങ്ങളിൽ ശസ്ത്രക്രിയ നടത്തുമ്പോൾ അണുബാധയുണ്ടാകുന്നതുപോലല്ലല്ലോ കണ്ണ്. നേരിയൊരു പിഴവുണ്ടായാൽ ഒരാളുടെ പിൽക്കാലജീവിതം തിരിച്ചുവരാനാകാത്തവിധം ഇരുട്ടിലേക്കു തള്ളിവിടപ്പെട്ടേക്കാം.

ഓപ്പറേഷൻ തിയേറ്ററുകളിലെ അണുനശീകരണ വിഭാഗമാണ് സിഎസ്എസ്ഡി (Central Sterile Services Department). ഈ ഡിപ്പാർട്‌മെന്റാണ് ശസ്ത്രക്രിയക്കാവശ്യമായ ഉപകരണങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കിയെടുക്കുന്നത്. അതിനായി ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർക്കൊപ്പം സൂക്ഷ്മതയോടെ പ്രവർത്തിക്കുന്ന ചില ജീവനക്കാരുണ്ട്. ഒരു സർജന്റെ കയ്യിലേക്ക് ശസ്ത്രക്രിയക്കുള്ള ഉപകരണം ലഭിക്കുമ്പോൾ അതുപയോഗിക്കാനുള്ള ധൈര്യം കൈവരുന്നത് സിഎസ്എസ്ഡിയിലെ ജീവനക്കാരിലുള്ള വിശ്വാസമാണ്. അവർക്ക് പാളിച്ചകളുണ്ടാകില്ലെന്ന ബോധ്യം. അതുകൊണ്ടുതന്നെ ഓരോ സർജനും സിഎസ്എസ്ഡിയുടെ കാര്യത്തിൽ സദാ ജാഗരൂകരായിരിക്കും. തന്റെ മനസ്സാക്ഷിയോടും കഴിവിലുമുള്ള വിശ്വാസംപോലെ തന്നെ അവർക്ക് ഉപകരണങ്ങൾ കയ്യിലേക്കെടുത്തുതരുന്ന ജീവനക്കാരിലും വിശ്വാസമുണ്ടാകും. ഞങ്ങൾക്ക് അത്രയും പ്രധാനപ്പെട്ടൊ രാളായിരുന്നു സോണിയ. ചെയ്യുന്ന ജോലിയിൽ ഇന്നുവരെ യാതൊരു പിഴവും വരുത്താത്തയാൾ. ഓരോ ഉപകരണവും ആവശ്യമായ വിധത്തിൽ അണുവിമുക്തമാക്കിത്തന്നിരുന്നയാൾ. കണ്ണടച്ച് വിശ്വസിക്കാവുന്നൊരാൾ..

വാസൻ ഐ കെയറിൽ ജോലിക്കെത്തുമ്പോൾ സോണിയ അവിടെ സിഎസ്എസ്ഡി ജീവനക്കാരിയായിരുന്നു. പിന്നീട് ഞങ്ങൾ പ്രിസൈസ് ഐ കെയർ തുടങ്ങിയപ്പോൾ സോണിയ ഞങ്ങൾക്കൊപ്പം വന്നില്ലെങ്കിലും, പ്രിസൈസിൽ നിന്നു മാറി ഞങ്ങൾ ‘ശ്രീനേത്ര ‘ കണ്ണാശുപത്രി ആരംഭിക്കുന്ന തീരുമാനം ആയപ്പോൾ തന്നെ സോണിയ വിളിച്ചു. ശ്രീനേത്രയിലെ ഓപ്പറേഷൻ തിയേറ്ററിൽ താനുമുണ്ടാകുമെന്നു പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണാശുപത്രിയായി ശ്രീനേത്രയെ മാറ്റണമെന്നതായിരുന്നു സോണിയയുടെ ആഗ്രഹം. കഴിഞ്ഞ മാസം ശ്രീനേത്രയിലെ ഓപ്പറേഷൻ തിയേറ്റർ തുറക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സോണിയ അവിടെ സിഎസ്എസ്ഡിയിൽ ചാർജ് എടുത്തത് ഞങ്ങൾക്കെല്ലാം വലിയ ഊർജ്ജമായിരുന്നു. ഏപ്രിൽ 12നാണ് സോണിയ ശ്രീനേത്രയിൽ ജോലിക്കെത്തിത്തുടങ്ങിയത്.
പക്ഷേ, വിധി കാത്തുവച്ചത് മറ്റു ചിലതായിരുന്നു. ഒരാഴ്ച മാത്രമാണ് ഞങ്ങൾക്കൊപ്പം സോണിയ ഉണ്ടായിരുന്നത്.

ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടന്ന് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയ സോണിയ covid possitive ആയെന്ന് പിന്നീടാണ് അറിഞ്ഞത്. സോണിയ വാക്‌സിൻ എടുത്തിരുന്നില്ല . ഞങ്ങളോടൊപ്പം ജോയിൻ ചെയ്ത സമയം ആയപ്പോഴേക്കും ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള വാക്‌സിനേഷൻ, മുൻഗണന പോർട്ടലിൽ നിന്ന് മാറ്റിയിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മെഡിക്കൽ കോളേജിലെ വാർഡിൽ നിന്നും icu വിലേക്ക് മാറ്റേണ്ടി വന്ന സോണിയയുടെ നില ഇടക്ക് മെച്ചപ്പെട്ടെങ്കിലും വീണ്ടും മോശമായി. ഒടുവിൽ പതിനൊന്നാം തിയതി, തിങ്കളാഴ്ച സോണിയ ഞങ്ങളെ വിട്ടുപോയി. ആർക്കും വിശ്വസിക്കാനേ കഴിയുന്നില്ല. ഇത്തരമൊരു സമാനതകളില്ലാത്ത പ്രതിസന്ധിയുടേയും മഹാമാരിയുടേയും കാലത്ത് ഒരു നോക്കു കാണാതെ അകലെ നിന്നാണല്ലോ അന്ത്യാഞ്ജലി പോലും അർപ്പിക്കേണ്ടത് എന്ന വേദനയിലാണ് ഞങ്ങളോരോരുത്തരും.
സോണിയയ്ക്ക് വിട..

Dr Ashad sivaraman.

കണ്ണിൽ ഒരു കരടുപോയത് എടുക്കാൻ ശ്രമിക്കുമ്പോൾ പറയും 'കണ്ണാണ്, സൂക്ഷിച്ച്…' കണ്ണിൽ തൊടാൻതന്നെ എല്ലാരേയും പോലെ എനിക്കും…

Posted by Ashad Sivaraman on Thursday, May 13, 2021

LEAVE A REPLY

Please enter your comment!
Please enter your name here