കെയ്റോ: വിചിത്രമായ മസാജിംഗ് അനുഭവമാണ് ഈജിപ്റ്റിലെ ഒരു മസാജിങ് പാർലർ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ വരുന്നവർക്ക് നൽകുന്നത് അസ്സൽ പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് ആണ്. കെയ്റോയിലെ ഒരു സ്പായിലാണ് പാമ്പ് മസാജ് ഉള്ളത്. മസാജിങ് ടേബിളിൽ കമിഴ്ന്നുകിടക്കുന്ന ആവശ്യക്കാരന്റെ പുറത്ത് നന്നായി എണ്ണ തേച്ചുപിടിപ്പിക്കും. പിന്നെ വിഷമില്ലാത്ത മുപ്പതോളം പാമ്പുകളെ വാരിയിടും. കുഞ്ഞ് പെരുമ്പാമ്പുകൾ വരെയുണ്ടാകും ഇക്കൂട്ടത്തിൽ. പിന്നെയുള്ള ജോലി പാമ്പുകൾക്കാണ്. ഉപഭോക്താവിന്റെ പുറത്തും മുഖത്തുമെല്ലാം ഇഴഞ്ഞുനടന്ന് അവ തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യും. അര മണിക്കൂറാണ് മസാജിന്റെ സമയം. 20 മുതൽ 30 മിനിറ്റ് വരെ നീളുന്ന മസാജിന് 100 ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 466 ഇന്ത്യൻ രൂപ) ആണ് സെഡ്കി ഈടാക്കുന്നത്. ഇതെങ്ങനെയുണ്ടാവുമെന്ന് അല്പം ആകാംക്ഷയോടെ വരുന്നവർക്ക് സൗജന്യമായും മസാജ് ചെയ്യുന്നുണ്ട് ഇദ്ദേഹം. അതേസമയം പാമ്പിനെ വേണ്ടെന്നും കൈയുപയോഗിച്ചുള്ള മസാജ് തന്നെ മതിയെന്ന് പറയുന്നവരും നിരവധിയാണ്.
പേശികളെ ആയാസരഹിതമാക്കാനും സന്ധി വേദന ഇല്ലാതാക്കാനും പാമ്പ് മസാജ് അത്യുത്തമമാണെന്ന് സ്പാ ഉടമ സഫ്വാത്ത് പറയുന്നു. . രക്തയോട്ടം വർധിപ്പിക്കാനും ഈ രീതി സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാരീരികവും മാനസികവുമായ ഉദ്ദേശങ്ങളാണ് ഈ മസാജിന്റെ രണ്ട് ലക്ഷ്യങ്ങൾ. പാമ്പുകളെ ഉപയോഗിച്ചുള്ള മസാജിനേക്കുറിച്ച് പറഞ്ഞപ്പോൾ വന്നവർ പലരും പേടിച്ചുപോയി. അതെങ്ങനെ സാധ്യമാവുമെന്നാണ് എല്ലാവരും ചോദിച്ചത്. പക്ഷേ ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളേപ്പറ്റി പറഞ്ഞപ്പോൾ പാമ്പുകളെ പേടിയുള്ളവർ പോലും ഈ മസാജിന് തയ്യാറായെന്നും സെഡ്കി പറഞ്ഞു.
ദേഹത്ത് പാമ്പുകൾ ഇഴയുന്നതിനേക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം ചെറിയൊരു പേടി ആദ്യം തോന്നിയെങ്കിലും ചെയ്തുകഴിഞ്ഞപ്പോൾ മാനസിക പിരിമുറുക്കം കുറഞ്ഞെന്നും ആത്മവിശ്വാസം കൂടിയെന്നും പാമ്പ് മസാജ് ചെയ്തവരിൽ ഒരാള്‍ പറയുന്നു. പാമ്പുകൾ ദേഹത്തിഴയുമ്പോളുണ്ടാവുന്ന അസാധാരണ അനുഭൂതി മാനസിക പിരിമുറുക്കം കുറയ്ക്കുന്നുവെന്ന് മറ്റുള്ള അനുഭവസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.