ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം; വയനാടന്‍ തനത് ഭക്ഷണവും കഴിക്കാം; സഞ്ചാരികളെ കാത്ത് പഞ്ചാരക്കൊല്ലിയും പ്രിയദര്‍ശിനി എസ്റ്റേറ്റും

0
236

മാനന്തവാടി: സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. ഇതായിരുന്നു വയനാട്ടിലെ മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. ഇന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നുപോയ ടീ ടൂറിസത്തിന്റെ പട്ടികയില്‍ ഈ തോട്ടവും അതിന്റെ പെരുമകളുമുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. പ്രീയദര്‍ശിനി ടി എന്‍വിറോണ്‍സ് എന്ന പേരില്‍ ഈ തോട്ടവും അതിന്റെ പരിസരങ്ങളെയും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ ടൂറിസം പാക്കേജുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ഒരു കാലത്ത് തേയില ഉത്പാദനത്തില്‍ നിന്നും മാത്രം. വരുമാനം കാത്തിരുന്ന ഈ സംരംഭത്തിനും ഇന്ന് പുതിയ ഉണര്‍വാണ്. രാജ്യാന്തര സൈക്ലിങ്ങ് മത്സരങ്ങള്‍ക്ക് രണ്ടാം തവണയും വേദിയാകുകയെന്നതും പ്രിയദര്‍ശിനി എന്‍വയേണ്‍സിന്റെ അഭിമാന നിമിഷമാണ്.1984 ലാണ് കോടമഞ്ഞുപുതയുന്ന പഞ്ചാരക്കൊല്ലിയിലെ ഈ മൊട്ടക്കുന്നുകളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധപതിയുന്നത്. ജീവിതമാര്‍ഗ്ഗത്തിന് ഒരു വഴിയുമില്ലാതെ കഷ്ടപ്പാടുകളില്‍ അലയുന്ന അടിമ വേലയെടുത്ത കഴിഞ്ഞവരുടെ പിന്‍ തലമുറകള്‍ക്ക് ഒരു ജീവിത മാര്‍ഗ്ഗം തുറക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു തേയിലത്തോട്ടമായി മാറാന്‍ അധിക കാലമെടുത്തില്ല. ടീ ഫാക്ടറിയും ഇവിടെ ഉയര്‍ന്നു. പ്രീയദര്‍ശിനി എന്ന പേരില്‍ സ്വന്തം പേരിലുള്ള ചായപ്പൊടിയുമായി വിപണിയിലെത്താനും വൈകിയില്ല പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും നഷ്ടക്കണക്കുകളുടെ പട്ടികയില്‍ പ്രതീക്ഷകള്‍ മുരടിച്ചു. ഇതില്‍ നിന്നും ഒരു മോചനത്തിനായി സബ്കളക്ടര്‍മാര്‍ തുടക്കമിട്ട സൊലൂഷനാണ് ടീ എന്‍വിറോണ്‍സ്. ഇപ്പോള്‍ ഇവിടെ സഞ്ചാരികള്‍ക്ക് ട്രീ ഹട്ടുകളില്‍ രാപാര്‍ക്കാം. ഭക്ഷണവും ലഭിക്കും.

തോട്ടം നടത്തിപ്പിനൊപ്പം വരുമാനം സ്വരൂപിക്കാന്‍ വിനോദ സഞ്ചാരത്തെയും കൂട്ടുപിടിച്ചു. പഴയ ഗസ്റ്റ് ഹൗസുകളെ സഞ്ചാരികള്‍ക്കായി മോടിപിടിപ്പിച്ചു. തേയിലക്കുന്നുകള്‍ക്കിടയില്‍ ഹട്ടുകളും മറ്റും നിര്‍മ്മിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുംവിധം തോട്ടത്തെ ബാധിക്കാതെയുള്ള ടൂറിസത്തിനും അങ്ങിനെ തുടക്കമായി ഇന്ന് വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന സ്വര്‍ഗ്ഗീയ ഇടമായി പ്രീയദര്‍ശിനി മാറിയതിങ്ങനെയാണ്. ചായ ഫാക്ടറി മ്യൂസിയമാക്കി മാറ്റി. വിവിധയിനം ചായയും ചായയുടെ ചരിത്രവും പിന്നിട്ട നാള്‍ വഴികളുമെല്ലാം പരിചയപ്പെടുത്തുന്ന ഈ സംരംഭത്തെയും ആര്‍ക്കും ഇവിടെ വന്നാല്‍ അടുത്തറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here