കസ്റ്റഡിയിലെടുക്കുന്നത് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന്; എത്തിച്ചത് തിരുവനന്തപുരം എആര്‍ ക്യാമ്പില്‍; പി.സി.ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം:  നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി.സി.ജോര്‍ജ് അറസ്റ്റിലായി. വിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ്   ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം  തിരുവനന്തപുരം എ.ആര്‍.ക്യാമ്പിലെത്തിച്ച്   അറസ്റ്റ് ചെയ്തത്. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തി എന്ന പരാതിയിലാണ്  മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് എ.ആര്‍.ക്യാമ്പിലേക്കെത്തിച്ചത്.

ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് 295 എ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡ്, സര്‍ക്കാരിന് കടമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തില്ലെങ്കില്‍ ക്ഷേത്രത്തിനു പുറത്തുവെച്ച് ഭക്തര്‍ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നും ജോര്‍ജ് പറഞ്ഞിരുന്നു.

അഭിവാദ്യങ്ങളും പ്രതിഷേധവും 

തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പി.സി.ജോര്‍ജ് യാത്ര ചെയ്തിരുന്നത്. പോലീസും മകന്‍ ഷോണ്‍ ജോര്‍ജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയില്‍ ബി.ജെ.പി. പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പി.സി.ജോര്‍ജുമായി വന്ന വാഹനവും പോലീസ് വാഹനവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. അഭിവാദ്യമര്‍പ്പിച്ച ശേഷം കടത്തിവിട്ട പി.സി.ജോര്‍ജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോള്‍ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.

ജോര്‍ജിനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതിന് പിന്നാലെ അദ്ദേഹത്തെ കാണാന്‍ കേന്ദ്ര മന്ത്രി വി.മുരളീധരനും മറ്റു ബിജെപി നേതാക്കളും എത്തി. എന്നാല്‍ പി.സി.ജോര്‍ജിനെ കാണാനാവില്ലെന്ന് പോലീസ് അറിയിച്ചു. ജോര്‍ജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം കേന്ദ്ര മന്ത്രി മടങ്ങി.

മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോര്‍ജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തു നല്‍കുന്നവെന്നടക്കം പ്രസംഗത്തില്‍ പറഞ്ഞുവെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here