ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉൾപ്പെടുത്തണം; കേന്ദ്രത്തിനു കൃഷി മന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഹോർട്ടികൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതിയില്‍ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോർട്ടി കൾച്ചർ മേഖലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളും അവസരങ്ങളും കാണിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറിന് അയച്ച കത്തിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനവും ആഗോള വിപണിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്ററുകൾക്കാണ് സഹായം ലഭിക്കുന്നത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, തെലുങ്കാന, ആന്ധ്രാ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര, കർണ്ണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഹോർട്ടി കൾച്ചർ ക്ലസ്റ്റർ ഡെവലപ്മെന്റ് പദ്ധതി നടപ്പിലാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ പ്രധാന ഹോർട്ടികൾച്ചർ വിളകളായ വാഴ, പൈനാപ്പിൾ, കുരുമുളക്, ഏലം മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഹോട്ടികൾച്ചർ വിളകൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. വാഴപ്പഴം, ചക്ക, പൈനാപ്പിൾ,കുരുമുളക് മറ്റു സുഗന്ധവിളകൾ എന്നിങ്ങനെ സംസ്ഥാനത്തിന്റെ ഹോട്ടികൾച്ചർ മേഖല വിവിധ ഇനങ്ങളാൽ സമ്പുഷ്ടമാണ്. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പ്രധാന വിളയായ വാഴപ്പഴം ഇന്ന് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്. സീ ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരം നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ആരംഭിച്ചതോടെ കേരള ബ്രാൻഡഡ് നേന്ത്രപ്പഴത്തിന് വൻ സാധ്യതകളാണ് സംസ്ഥാന സർക്കാർ ഇടപെടലിലൂടെ സംജാതമായിട്ടുള്ളത്. മറ്റൊരു പ്രധാന വാണിജ്യ വിളയായ പൈനാപ്പിളും ആഗോള ശ്രദ്ധയാകർഷിച്ചിട്ടുള്ള വിളയാണ്. വാഴക്കുളം പൈനാപ്പിളിന് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട് . പൈനാപ്പിളി ന്റെ തന്നെ മറ്റൊരു ഇനമായ മൗറീഷ്യസ് ഇനത്തിന് ആഗോള വിപണിയിൽ തന്നെ വൻ ഡിമാൻഡാണ് ഉള്ളത്.

പുരാതന കാലം മുതൽക്കുതന്നെ കേരളത്തിന്റെ സുഗന്ധവിളകൾ ലോകപ്രസിദ്ധവുമാണ്. കുരുമുളക്, ഏലം, ജാതി തുടങ്ങി ഒട്ടുമിക്ക സുഗന്ധവിളകളുടെയും ഉൽപ്പാദനത്തിൽ സംസ്ഥാനം ഒന്നാംസ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാർഷിക വിളകളിലെ ക്ലസ്റ്റർ അടിസ്ഥാന വികസന പദ്ധതി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നതിനും വിപണന ശൃംഖല ശക്തമാക്കുന്നതിനും സഹായകരമായിരിക്കും. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും തുടർച്ചയായ വർഷങ്ങളിൽ അനുഭവപ്പെട്ട് ദുരിതത്തിലായ സംസ്ഥാനത്തിലെ കർഷകർക്ക്‌ ഈ സഹായം വളരെ ഉപകാരപ്രദമായിരിക്കുമെന്നും സംസ്ഥാനത്തെ പ്രധാന വിളകളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here