തിരുവനന്തപുരം: നൂറുകോടിയോളം വരുന്ന ടാക്സ് തട്ടിപ്പ് നടത്തിയതിനു ലീഡിംഗ് സ്റ്റീല്‍ കമ്പനിയായ കൈരളി ടി.എം.ടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടിവ് ഡയരക്ടർ ഹുമയൂൺ കള്ളിയത്തിന് കോടതി ജാമ്യം നിഷേധിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഹുമയൂണിന്റെ ജാമ്യഹര്‍ജി ഇന്നു കോടതി മുന്‍പാകെ വന്നതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ റിമാന്‍ഡില്‍ തുടരേണ്ട അവസ്ഥയാണ് ഹുമയൂണിന് വന്നത്.
കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് പൊടുന്നനെ ഈ വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 19 നാണ് ഹുമയൂണിനെ ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ഹുമയൂൺ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് ആണ് റിമാന്‍ഡ് ചെയ്തത്. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ കേന്ദ്ര ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തത്.
മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ സ്റ്റീല്‍ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീല്‍ കമ്പനി. ഇവരുടെ പരസ്യ ചിത്രങ്ങളില്‍ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്.
സ്റ്റീൽ വ്യവസായത്തില്‍ 125 വർഷത്തിലേറെ നീണ്ട പാരമ്പര്യമാണ് കൈരളി ടി.എം.ടി സ്റ്റീൽ ബാർസിന് ഉള്ളത്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി. പാലക്കാടും സേലത്തും സ്വന്തമായി ഫാക്ടറികള്‍ ഉള്ള കമ്പനി കൂടിയാണിത്.
85 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് കടുത്ത നടപടികളിലേക്കും അറസ്റ്റിലേക്കും കേന്ദ്ര ജിഎസ്ടി വൃത്തങ്ങള്‍ നീങ്ങിയത്.കള്ള ബില്‍ അടച്ച് ടാക്സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങള്‍ ഷോപ്പില്‍ നിന്ന് പോകാതെ തന്നെയാണ് ഇവര്‍ ബില്‍ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവര്‍ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സര്‍ക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതര്‍ കൈരളി ടി.എം.ടി സ്റ്റീൽ ബാർസില്‍ റെയിഡ് നടത്തിയിരുന്നു. ഇതോടെ വിശദാംശങ്ങള്‍ മനസിലാക്കിയാണ് ഹുമയൂൺ കള്ളിയത്തിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്.