‘സാമൂഹിക നീതി’ സെമിനാറില്‍ അണിനിരത്തുക എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളെ; തുടക്കം കുറിക്കുന്നത് പിന്നോക്ക ഏകീകരണത്തിന്; ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ശ്രദ്ധേയ പരിപാടികളുമായി ജെഎസ്എസ്

തിരുവനന്തപുരം: സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് സമൂഹം സ്വപ്നം കണ്ടു അതിനുവേണ്ടി യത്നിച്ച കെ.ആര്‍.ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തെ ചലനാത്മകമാക്കാനുള്ള സോഷ്യല്‍ മൂവ്മെന്റിന് ജെഎസ്എസ് തുടക്കമിടുന്നു. 42 വര്‍ഷം നിയമസഭ സാമാജികയും 16 വര്‍ഷം മന്ത്രിയുമായിരിക്കെ ഒരു അഴിമതിയ്ക്കും ഇടകൊടുക്കാത്ത ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷികം സമുചിതമായി ആചരിക്കാനാണ് സംസ്ഥാന സമിതി എടുത്ത തീരുമാനം. 31 ഇന പരിപാടിയും ഈ ദിനം പാര്‍ട്ടി പ്രഖ്യാപിക്കും.

ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 11 ന് ‘സാമൂഹിക നീതിയും കേരളവും’ സെമിനാര്‍ സംഘടിപ്പിക്കും. എസ്എന്‍ഡിപി, ധീവരസഭ, വിശ്വകര്‍മ്മ സഭ, പത്മശാലിയ, വണിക-വൈശ്യസംഘം തുടങ്ങി പിന്നോക്ക വിഭാഗ സംഘടനകളെ മിക്കതും അണിനിരത്തുന്ന സെമിനാര്‍ ആണ് ഗൌരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നടത്തുക. കേരളത്തെ രക്ഷിക്കാനുള്ള പ്രതിജ്ഞയും സെമിനാറിന് അനുബന്ധിച്ച് നടത്തും.

42 ശതമാനം വരുന്ന പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്കസമുദായങ്ങളെ ഒരു കൊടിക്കീഴില്‍ കൊണ്ട് വരാനാണ് ജെഎസ്എസ് പദ്ധതി. മുന്നോക്ക- മതന്യൂനപക്ഷ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ഈ മൂവ്മെന്റിലേക്ക് ആകര്‍ഷിക്കും.

സ്ത്രീശാക്തീകരണത്തിനു വേണ്ടി നിലകൊള്ളുകയും താഴെക്കിടയിലെ ജനങ്ങളെ ഉണര്‍ത്താനായി നിരവധി പദ്ധതികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്ത നേതാവാണ്‌ ഗൗരിയമ്മ. ഇന്നും എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഏക നേതാവ്. കൂടിയാണ് അവര്‍. ഗൗരിയമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിനായുള്ള സോഷ്യല്‍ മൂവ്മെന്റിനാണ് ജെഎസ്എസ് തുടക്കം കുറിക്കുന്നത്- സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here