മഞ്ചേരി: ബംഗാളിനെ തകര്‍ത്ത കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തിലാണ് (5–4) ബംഗാളിനെ തകർത്ത് കേരളം വിജയികള്‍ ആയത്. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ 7–ാം തവണയാണു കേരളം കിരീടം നേടുന്നത്.
1993നു ശേഷം ആദ്യമായാണ് കേരളത്തിൽ ടീം കപ്പ് ഉയർത്തുന്നത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിലെ അന്തിമ വിധിയില്‍ മത്സരഫലം കേരളത്തിനൊപ്പം നിന്നു.
കര്‍ണാടകയ്ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിറങ്ങിയ ആദ്യ ഇലവനെ തന്നെ കേരളം നിലനിര്‍ത്തിയപ്പോള്‍ ബംഗാള്‍ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. മിഡ്ഫീല്‍ഡര്‍ ബസുദേവ് മന്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ നബി ഹുസൈന്‍ ഖാനെയാണ് ബംഗാള്‍ കളത്തിലിറക്കിയത്.
97 ആം മിനിറ്റില്‍ ബംഗാള്‍ ആണ് ആദ്യം മുന്നിലെത്തിയത്.എക്‌സ്ട്രാ ടൈമില്‍ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
116ആം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.
58-ാം മിനിറ്റില്‍ കേരളത്തിന് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡറില്‍ നിന്ന് പന്ത് റാഞ്ചിയ ജിജോയ്ക്ക് പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടര്‍ന്ന് 61-ാം മിനിറ്റില്‍ ബംഗാള്‍ കേരള ബോക്സില്‍ മറ്റൊരു ശ്രമം നടത്തി. എന്നാല്‍ തുഹിന്‍ ദാസ് അടിച്ച പന്ത് തട്ടിയകറ്റി മിഥുന്‍ അപകടമൊഴിവാക്കുകയായിരുന്നു.
72-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അജയ് അലക്സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പകരം ബിപിന്‍ അജയന്‍ കളത്തിലിറങ്ങി. കളി അവസാന മിനിറ്റുകളിലേക്ക് അടുത്തിരിക്കെ കേരളത്തിന്റ മുന്നേറ്റങ്ങളെല്ലാം ബംഗാള്‍ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.
ഇന്‍ജുറി ടൈമില്‍ കേരളത്തിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ബംഗാള്‍ ഡിഫന്‍ഡര്‍മാരില്‍ നിന്ന് പന്ത് റാഞ്ചി ജിജോ നല്‍കിയ പാസില്‍ നിന്ന് ഷിഗില്‍ അടിച്ച ഷോട്ട് ദുര്‍ബലമായിരുന്നു. ബംഗാള്‍ ഗോള്‍കീപ്പര്‍ പന്ത് അനായാസം കൈപ്പിടിയിലാക്കി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും കേരളത്തിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. പക്ഷേ ഇത്തവണയും പന്ത് ലഭിച്ച ഷിഗിലിന് ലക്ഷ്യം കാണാനായില്ല.
കളിയുടെ തുടക്കത്തില്‍ കേരളം താളം കണ്ടെത്താന്‍ വൈകിയപ്പോള്‍ അഞ്ചാം മിനിറ്റില്‍ തന്നെ ബംഗാള്‍ ആദ്യ ശ്രമം നടത്തി. എന്നാല്‍ മന്‍ഡിയുടെ ഹെഡര്‍ കേരളത്തിന് തലവേദന സൃഷ്ടിക്കാതെ പുറത്തേക്ക് പോയി. പിന്നാലെ 15-ാം മിനിറ്റിലും ബംഗാള്‍ അടുത്ത മുന്നേറ്റം നടത്തി. 23-ാം മിനറ്റില്‍ മഹിതോഷ് റോയിയുടെ ഷോട്ടിനും കേരള ഗോള്‍കീപ്പറെ പരീക്ഷിക്കാനായില്ല.
പിന്നാലെ 33-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് പന്ത് ലഭിച്ച അര്‍ജുന്‍ജയരാജ് അത് ക്യാപ്റ്റന്‍ ജിജോയ്ക്ക് നീട്ടി. ജിജോയുടെ പാസ് കൃത്യമായിരുന്നെങ്കിലും വിഖ്നേഷിന് ആ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടടുത്ത മിനിറ്റിലും കേരളത്തിന്റെ മുന്നേറ്റമുണ്ടായി. എന്നാല്‍ സഞ്ജുവിന്റെ ഷോട്ട് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിയകറ്റി.