തിരുവനന്തപുരം: കേരളത്തിനു രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതി ഇടത് സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ ആവശ്യപ്പെട്ടു. 160-180 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നത്. ഈ ട്രെയിനുകള്‍ ലഭിക്കുമ്പോള്‍ ലക്ഷം കോടി രൂപ ചിലവിട്ട് കെ-റെയില്‍ നടപ്പിലാക്കുന്നതില്‍ എന്താണ് നേട്ടമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു ചിലവും കേരളം മുടക്കാതെ തന്നെയാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടാന്‍ പോകുന്നത്. വന്ദേഭാരത് ഉള്ളപ്പോള്‍ എന്തിനാണ് സില്‍വര്‍ ലൈന്‍ പദ്ധതി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശകന്‍ സി.വി.ആനന്ദബോസിന് കേരളം നന്ദി പറയേണ്ടതുണ്ട്. സില്‍വര്‍ ലൈന്‍ അല്ല വേണ്ടത് വന്ദേഭാരത് ട്രെയിനുകളാണ് വേണ്ടത് എന്ന് പറഞ്ഞു ആനന്ദബോസുമായി ഞാന്‍ സംസാരിച്ചിരുന്നു. വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ വന്നതിന് പിന്നില്‍ ആനന്ദബോസിന് ചെറുതല്ലാത്ത പങ്കുണ്ട്.
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുന്നില്ലെന്നും ഉറപ്പിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടു പോകുന്ന പിണറായി സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടി ഖജനാവില്‍ നിന്നും മുടക്കിയ തുക മന്ത്രിമാരില്‍ നിന്നും തിരിച്ച് പിടിക്കണം-താമരാക്ഷന്‍ ആവശ്യപ്പെട്ടു.