കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട് പരിഗണിച്ചാണ് തീരുമാനമെന്നു സുധാകരന്‍ പറഞ്ഞു. പകരം സി.രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്ന് സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരിക്കാനുള്ള സാവകാശം തനിക്കു കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്‌ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നു.
മത്സരിക്കാന്‍ ഇല്ലെന്ന തന്റെ ഈ തീരുമാനം കെപിസിസി അംഗീകരിക്കുമെന്ന് കരുതുന്നു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്‍റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു.
ധര്‍മടത്ത് സുധാകരന്‍ വേണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്. രഘുനാഥ് അടക്കമുള്ളവര്‍ക്ക് പരിഗണന നൽകുന്നുണ്ട്. പ്രഖ്യാപനം ഇന്ന് ഡല്‍ഹിയിലുണ്ടാകുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.