ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയില്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന് സിപിഎം. സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് ഭരണം അതുകൊണ്ട് തന്നെ സിപിഎം ഒഴിയും.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ എല്‍.ഡി.എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായത്. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നത് ഒഴിവാക്കാനാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇവിടെ പ്രസിഡന്റു പദവി പട്ടികജാതി വനിതാ സംവരണമാണ്.
ആറുസീറ്റുള്ള യു.ഡി.എഫിന് പട്ടികജാതി വനിതയില്ല. അതിനാല്‍ അവര്‍ക്കു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. പതിനെട്ടംഗ പഞ്ചായത്തില്‍ എന്‍.ഡി.എയ്ക്ക് ആറും എല്‍.ഡി.എഫിന് അഞ്ചും സീറ്റാണുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ രവികുമാറിനെ എല്‍ഡിഎഫിലെ ഒരംഗം പിന്തുണച്ചിരുന്നു.