Home Crime കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസെന്നു വീട്ടമ്മയുടെ കുടുംബം; ഒരു വിവരവും പോലീസിനു കൈമാറിയിട്ടില്ലെന്ന് ചൈല്‍ഡ്...

കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസെന്നു വീട്ടമ്മയുടെ കുടുംബം; ഒരു വിവരവും പോലീസിനു കൈമാറിയിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി; പരാതിയില്‍ ഉറച്ച് നിന്ന് പിതാവും; വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക്

തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

കേസില്‍ പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദയും രംഗത്തെത്തിയിരുന്നു. ഈ കേസിന്റെ എഫ്.ഐ.ആറില്‍ വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു വിവരം നല്‍കിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും സുനന്ദ പറയുന്നു. ഇത്തരത്തിലൊരു പരാതി ഒരിക്കലും സി.ഡബ്ല്യൂ.സിയുടെ ഭാഗത്തുനിന്ന് സാധാരണരീതിയില്‍ പോലും പോലീസിന് കൈമാറാറില്ല.

ഈ കേസില്‍ പരാതി ലഭിച്ചതിനു ശേഷം കൗണ്‍സിലിങ്ങിന് വേണ്ടി മാത്രമാണ് പോലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നില്‍ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് സി.ഡബ്ല്യൂ.സി. ചെയ്തത്. മറിച്ച് പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പോലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സി.ഡബ്ല്യൂ.സി. പറയുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here