രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; കേസ് നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമപരമായ സമയക്രമം പാലിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കേരളത്തിൽ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിച്ചത്. ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും. സിപിഎമ്മിനായി എസ് ശര്‍മ്മ എംഎല്‍എയും സ്പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജി നല്‍കിയത്.

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. മാര്‍ച്ച് 17ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത് തിരഞ്ഞെടുപ്പ് നടത്താനുദ്ദേശിക്കുന്ന തിയതി മാത്രമാണ്. ഈ തിയതിയാണ് മരവിപ്പിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വി‍ജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ ആരംഭിക്കൂ. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ പുതുക്കിയ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ചട്ടപ്രകാരം, നിലവിലെ രാജ്യസഭാംഗങ്ങള്‍ വിരിക്കും മുൻപ് തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. നിയമമന്ത്രാലയത്തിന്‍റെ ശുപാര്‍ശകള്‍ കമ്മിഷന്‍റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം നിയമമന്ത്രാലയത്തിന്‍റെ ശുപാര്‍ശയനുസരിച്ച് തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് നിയമസഭാ സെക്രട്ടറി നിലപാടെടുത്തു. നിയമന്ത്രാലയത്തിന്‍റെ ശുപാര്‍ശ എന്താണെന്ന് പോലും വ്യക്തമാക്കാത്തത് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സുതാര്യമായ പ്രവര്‍ത്തനത്തിന് വിരുദ്ധമാണ്. കമ്മിഷന്‍റെ നിലപാട് രേഖമൂലം അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി നാളെ വൈകിട്ട് കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here